പയ്യാമ്പലം സവാരി കേന്ദ്രത്തില്‍ കുതിര ചത്തു

കണ്ണൂര്‍: പയ്യാമ്പലത്ത് സവാരി കേന്ദ്രത്തില്‍ അത്യാസന്ന നിലയിലായ കുതിര ചത്തു. മറ്റൊരു കുതിര അവശനിലയിലാണ്. മൃഗസംരക്ഷണ വകുപ്പ് ഡോക്ടര്‍മാര്‍ പ്രത്യേക ചികിത്സ നല്‍കിയെങ്കിലും ചൊവ്വാഴ്ചയാണ് കുതിര ചത്തത്. അതിനിടെ കുതിരകളെ സംരക്ഷിക്കാതെ ദുരിതസാഹചര്യത്തിലാക്കിയ സംഭവത്തില്‍ കുതിര സവാരി കേന്ദ്രം ഉടമക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. ശുചിത്വപൂര്‍ണമായ ലായം ഒരുക്കാത്തതിനും ആവശ്യമായ പരിചരണമോ തീറ്റയോ നല്‍കാതെയും പീഡിപ്പിച്ചതിന് കുഴുക്കുന്നിലെ വിപിന്‍ ഹരിദാസിനെതിരെയാണ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമപ്രകാരമാണ് കേസ്. ജന്തു-പ്രാണി ദ്രോഹ നിവാരണസമിതിയംഗം പള്ളിക്കുന്നിലെ പി.കെ. പത്മജയുടെ പരാതിയിലാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. സംഭവത്തെകുറിച്ച് ചീഫ് വെറ്ററിനറി ഓഫിസറും സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഉടമയുടെ തികഞ്ഞ അനാസ്ഥയാണ് സംഭവത്തിനു കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഉടമ നേരിട്ടെത്തിയാണ് ജില്ലാ മൃഗസംരക്ഷണ ഓഫിസറെ കുതിര ചത്ത വിവരം അറിയിച്ചത്. താന്‍ താമസം പയ്യന്നൂരിലേക്ക് മാറ്റിയെന്നും അതിനാല്‍ കുതിരകളെ പരിചരിക്കാന്‍ കഴിയുന്നില്ലെന്നുമാണ് ഇയാള്‍ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.