കണ്ണൂര്‍: കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിലെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നഗരസഭയിലെ യു.ഡി.എഫ് കൗണ്‍സിലര്‍മാരും യു.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റി നേതാക്കളുമടക്കം വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനീയറെ ഉപരോധിച്ചു. നഗരസഭയിലെ കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കുക, കുടിവെള്ള വിതരണത്തിലെ അനാസ്ഥ അവസാനിപ്പിക്കുക, പൈപ്പിടലടക്കമുള്ള പ്രവൃത്തികള്‍ ഉത്തരവാദിത്തത്തോടെ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രോജക്ട് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ടി. രവീന്ദ്രനെ ഉപരോധിച്ചത്. ഇന്നലെ രാവിലെ 11ഓടെയാണ് 50ഓളം പേര്‍ എന്‍ജിനീയറുടെ കാബിനിലേക്ക് ഇരച്ചുകയറിയത്. കുടിവെള്ള പദ്ധതി പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കാന്‍ വകുപ്പുമന്ത്രി നിര്‍ദേശം നല്‍കിയിട്ടും വാട്ടര്‍ അതോറിറ്റി തികഞ്ഞ അനാസ്ഥ കാട്ടുകയാണെന്ന് ജനപ്രതിനിധികള്‍ ആരോപിച്ചു. പഴയ പൈപ്പുകള്‍ നിരന്തരം പൊട്ടുന്നത് മാറ്റാനോ ചോര്‍ച്ച തടയാനോ അധികൃതര്‍ തയാറാവുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. നാലു ദിവസത്തിനകം നിലവിലെ പൈപ്പുകളിലെ ചോര്‍ച്ച പരിഹരിക്കുമെന്നും 10 ദിവസത്തിനകം പൈപ്പിടലുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവൃത്തിയും പൂര്‍ത്തിയാക്കുമെന്നും സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഉറപ്പുനല്‍കി. ജൂലൈ ആദ്യവാരം പുതിയ പൈപ്പുകളിലൂടെ പമ്പിങ് നടത്തി പരിശോധിക്കും. രണ്ടാംവാരം പദ്ധതി കമീഷന്‍ ചെയ്യുമെന്നും എന്‍ജിനീയര്‍ ഉപരോധക്കാരെ അറിയിച്ചു. എന്‍ജിനീയറുടെ ഉറപ്പിനെതുടര്‍ന്ന് ഒരു മണിയോടെ സമരം പിന്‍വലിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. ടി.ഒ. മോഹനന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാമാരായ ടി.കെ. നൗഷാദ്, ടി.കെ. നൂറുന്നിസ, ജയസൂര്യന്‍, കൗണ്‍സിലര്‍മാരായ സി. സമീര്‍, അല്‍ത്താഫ് മാങ്ങാടന്‍ തുടങ്ങിയവരുടെയും ടി.എ.തങ്ങള്‍, പുരുഷോത്തമന്‍, അഷ്റഫ് ബംഗാളി മൊഹല്ല തുടങ്ങിയ നേതാക്കളുടെയും നേതൃത്വത്തിലായിരുന്നു ഉപരോധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.