കഞ്ചാവ് മാഫിയ കുടുംബശ്രീ പ്രവര്‍ത്തകയെ ആക്രമിച്ചു

കോട്ടയം: കഞ്ചാവുമാഫിയക്കെതിരെ പ്രതികരിച്ചതിന് കുടുംബശ്രീ പ്രവര്‍ത്തകയെയും കുടുംബാംഗങ്ങളെയും വീടുകയറി ആക്രമിച്ചു. അയ്മനം പതിമറ്റം കോളനി പതിയില്‍ വീട്ടില്‍ ഷാജി ജോസഫ്(45), ഭാര്യയും കുടുംബശ്രീ പ്രവര്‍ത്തകയുമായ ഗീത, ഷാജിയുടെ മാതാവ് ചെല്ലമ്മ എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച വൈകുന്നേരം ഏഴോടെയായിരുന്നു സംഭവം. അയ്മനം പൂന്ത്രക്കാവിന് സമീപം പതിമറ്റം കോളനി പരിസരത്ത് കഞ്ചാവ് വില്‍പനയും മദ്യപാനവും പതിവായിരുന്നു. സുബീഷ് എന്ന യുവാവിന്‍െറ നേതൃത്വത്തിലായിരുന്നു കഞ്ചാവ് കച്ചവടവും മദ്യപാനവുമെന്ന് നാട്ടുകാര്‍ പറഞ്ഞു. കുമാരനല്ലൂരില്‍നിന്നും മറ്റും നിരവധി യുവാക്കള്‍ ഇവരെ തേടിയെത്താറുണ്ടത്രേ. ശല്യം രൂക്ഷമായതോടെ കുടുംബശ്രീ നേതൃത്വത്തില്‍ പൊലീസിന് പരാതി നല്‍കിയിരുന്നുവെങ്കിലും കാര്യമായ നടപടി സ്വീകരിച്ചിരുന്നില്ല. ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിരുന്നതാണ്.ഏറ്റവുമൊടുവിലായി കഴിഞ്ഞ ദിവസം കുടുംബശ്രീ യോഗം ചേര്‍ന്ന് കഞ്ചാവ് കച്ചവടത്തിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി അവര്‍ പ്രമേയവും പാസാക്കി. ഇക്കാര്യം അറിഞ്ഞ് ഞായറാഴ്ച വൈകുന്നേരം സുബീഷ് ഗീതയുടെ വീട്ടിലെത്തി ഇവരെയും കുടുംബാംഗങ്ങളെയും ആക്രമിക്കുകയായിരുന്നു. ഗീതയുടെ മുടിയില്‍ കുത്തിപ്പിടിച്ച് നിലത്ത് വലിച്ചിഴക്കുകയും നെറ്റി ചുമരില്‍ ഇടിപ്പിക്കുകയും ചെയ്തു. തടസ്സം പിടിക്കാനെത്തിയപ്പോഴാണ് കുടുംബാംഗങ്ങളെയും ആക്രമിച്ചത്. എല്ലാവരെയും പരിക്കുകളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് പൊലീസ് ഇവരുടെ മൊഴിയെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഞ്ചാവ് കച്ചവടവുമായി അയ്മനത്ത് തമ്പടിച്ചിരിക്കുന്ന സംഘത്തില്‍ മുമ്പ് പല ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടവരാണെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു. അടുത്തനാളില്‍ പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പിക്കുകയും പൊലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയും ഇക്കൂട്ടത്തിലുണ്ട്. കുപ്രസിദ്ധ ഗുണ്ട ആയിസജിയുടെ കൂട്ടാളികളും ഇക്കൂട്ടത്തിലുണ്ടെന്ന് ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.