വിവാഹതട്ടിപ്പുകാരിക്കായി അന്വേഷണം തുടരുന്നു

കോട്ടയം: വിവാഹതട്ടിപ്പുകാരിയെ തേടി പൊലീസ് അന്വേഷണം തുടരുന്നു. ചിങ്ങവനത്ത് ഓട്ടോ ഡ്രൈവറായ കുഴിമറ്റം വെള്ളൂത്തുരുത്തി പറപ്പാറപറമ്പില്‍ പി.എന്‍.ശശീന്ദ്രന്‍നായരെ(48) വിവാഹം കഴിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ആഭരണങ്ങളും അര ലക്ഷം രൂപയുമായി മുങ്ങിയ ശാലിനിയെ(30) തേടിയുള്ള അന്വേഷണം പൊലീസ് സംസ്ഥാനവ്യാപകമാക്കി. കൊല്ലം ജില്ലയില്‍ ഒളിവിലുണ്ടെന്ന് സൂചന ലഭിച്ചതായാണ് വിവരം.സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളിലായി നിരവധി പുരുഷന്മാരെ ശാലിനി ഇത്തരത്തില്‍ കബളിപ്പിച്ചതായാണു പൊലീസിന് സൂചന ലഭിച്ചിരിക്കുന്നത്. ചതിവില്‍പ്പെട്ട ചിലര്‍ വിവരം പുറത്തുപറയാന്‍ താല്‍പര്യപ്പെടുന്നില്ല. ടീച്ചര്‍, ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ബ്യൂട്ടീഷ്യന്‍ തുടങ്ങി വിവിധ വേഷങ്ങള്‍ കെട്ടിയാണ് ശാലിനി ചതിവുനാടകങ്ങള്‍ നടത്തിയിരുന്നത് തിരുവല്ലം, കരുനാഗപ്പള്ളി, ഓച്ചിറ, ചെങ്ങന്നൂര്‍, ചാലക്കുടി, കുന്നത്തുനാട്, ആലത്തൂര്‍, കുമ്പനാട് എന്നിവിടങ്ങളിലെല്ലാം ഇവര്‍ തട്ടിപ്പ് നടത്തിയതായാണു റിപ്പോര്‍ട്ട്. തിരുവല്ലത്ത് വിവാഹശേഷം ആറുമാസം ഒരുമിച്ചു താമസിച്ച ശേഷമാണ് മുങ്ങിയത്. എല്ലായിടത്തുനിന്നും പരമാവധി സ്വര്‍ണവും പണവും കൈക്കലാക്കിയാണ് കടന്നുകളയുന്നത്. വ്യാജവിലാസം നല്‍കുന്നതിനാല്‍ ഇവരെ കണ്ടെത്താനും കഴിയില്ല. മധ്യവയസ്കരോ വിഭാര്യന്മാരോ ആണ് ഇവരുടെ ഇരകളാകുന്നത്. ഓരോ സ്ഥലത്തും തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ഇവര്‍ പുരുഷന്മാരെ വിവാഹക്കെണിയില്‍ കുടുക്കിയത്. ചെങ്ങന്നൂര്‍ കിടങ്ങന്നൂര്‍ സ്വദേശി 2011 ജനുവരിയില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു ശാലിനിയെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം ആയൂര്‍ ആക്കല്‍ ഷാജു വിലാസം എന്നാണ് ഇവരെക്കുറിച്ചു നിലവില്‍ പൊലീസിലുള്ള വിലാസം. മൂന്നുലക്ഷം രൂപയും 25 പവന്‍ സ്വര്‍ണാഭരണവും തട്ടിയെടുത്താണ് അന്നു ശാലിനി മുങ്ങിയത്. ശാലിനിയുടെ ആദ്യഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ഗള്‍ഫിലാണെന്നും രണ്ടാമത്തെ ഭര്‍ത്താവ് ചെന്നൈ സ്വദേശി ബേബിയാണെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പു നടത്താന്‍ ഇവര്‍ക്കു പുരുഷന്മാരുടെ സഹായം ഇപ്പോഴുമുണ്ട്. ഇതുവരെ നിയമപരമായി വിവാഹം ചെയ്യാത്ത ശാലിനിക്കു ചടയമംഗലത്തുള്ള ഒരു യുവാവുമായുണ്ടായ ബന്ധത്തില്‍ ഏഴു വയസ്സുള്ള ഒരാണ്‍കുട്ടിയുണ്ട്. ഇരകളെ ഉപേക്ഷിച്ചശേഷം വിദൂരജില്ലകളില്‍പ്പോയി വാടക വീടുകളില്‍ ആഡംബര ജീവിതം നയിക്കുകയാണ് ഇവരുടെ രീതി. പത്രങ്ങളിലെ വിവാഹപരസ്യം നോക്കിയാണു തട്ടിപ്പെന്നും പൊലീസ് പറഞ്ഞു. തിരുവനന്തപുരം മണ്ണന്തല സ്വദേശിയാണെന്നും മാതാപിതാക്കളും ഭര്‍ത്താവും അപകടത്തില്‍ മരിച്ചുവെന്നും ധരിപ്പിച്ചാണു കിടങ്ങന്നൂര്‍ സ്വദേശിയെ രണ്ടാം വിവാഹത്തില്‍ കുടുക്കിയത്. പൊതുമേഖലാ ബാങ്കിന്‍െറ പത്തനംതിട്ട ശാഖയില്‍ മാനേജരാണെന്നാണു യുവാവിനോടു പറഞ്ഞത്. താന്‍ സമ്പന്നയാണെന്നും സ്വത്തുവകകളില്‍ നോട്ടമുള്ള ബന്ധുക്കള്‍ പുനര്‍വിവാഹത്തിന് സമ്മതിക്കില്ലെന്നും വിശ്വസിപ്പിച്ചാണു എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വിവാഹം നടത്തിയത്. തുടര്‍ന്ന് ഇരുവരുമൊന്നിച്ചു ചെങ്ങന്നൂരിലെ വാടകവീട്ടില്‍ താമസിക്കുന്നതിനിടെയാണു സ്വര്‍ണവും പണവുമായി ശാലിനി മുങ്ങിയത്. സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങളാണു വക്കീല്‍വേഷം കെട്ടിയ ശാലിനി ചിങ്ങവനത്തു നടത്തിയ വിവാഹത്തട്ടിപ്പിലൂടെ പുറത്തുവരുന്നത്. ശശീന്ദ്രന്‍നായര്‍ ഒരു മാസം മുമ്പാണ് പ്രമുഖദിനപത്രത്തില്‍ വിവാഹപരസ്യം നല്‍കിയത്. പെണ്‍കുട്ടിയുടെ സഹോദരന്‍ എന്ന വ്യാജേന പിറ്റേന്ന് എറണാകുളത്തുനിന്നെന്നു പറഞ്ഞ് യുവാവിന്‍െറ വിളിവന്നു. തന്‍െറ സഹോദരി ഹൈകോടതി അഭിഭാഷകയാണെന്നും വിവാഹത്തിനു താല്‍പര്യമുണ്ടെന്നുമായിരുന്നു ഫോണ്‍. തൊട്ടുപിന്നാലെ ഇതേ ഫോണില്‍ ശാലിനി നേരിട്ടു ശശീന്ദ്രന്‍നായരെ വിളിച്ചു വിവാഹ ആലോചനയെക്കുറിച്ച് സംസാരിച്ചു.ഹൈകോടതി വക്കീലായ തന്നെ ഒരു ഓട്ടോ ഡ്രൈവര്‍ വിവാഹം ചെയ്യുന്നതിനോടു സഹോദരന് എതിര്‍പ്പാണെന്നും എന്നാല്‍, തനിക്ക് താല്‍പര്യമുണ്ടെന്നും ശാലിനി അടുത്ത ദിവസം പറഞ്ഞു. നേരില്‍ കണ്ടതിനു ശേഷം പരസ്പരം ഇഷ്ടപ്പെട്ടാല്‍ ആലോചന തുടരാമെന്നു ധരിപ്പിച്ചു. ഇതനുസരിച്ചു പിറ്റേന്നു ചങ്ങനാശേരി കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡില്‍വെച്ചു ശാലിനിയും ശശീന്ദ്രന്‍നായരും സംസാരിച്ചു. ആറുമാസം മുമ്പ് ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചെന്നും 30കാരിയായ തനിക്കു ബാധ്യതകളില്ലെന്നും ശാലിനി പറഞ്ഞിരുന്നു. പിന്നീട് ഒരാഴ്ചക്കു ശേഷം ആലപ്പുഴ ബീച്ചിലേക്കു ശശീന്ദ്രന്‍നായരെ ശാലിനി വിളിച്ചുവരുത്തി. ബന്ധുക്കളുടെ എതിര്‍പ്പ് തുടരുകയാണെന്നും ശശീന്ദ്രന്‍നായര്‍ വിളിച്ചാല്‍ വീടുവിട്ടിറങ്ങി രജിസ്റ്റര്‍ വിവാഹം നടത്താന്‍ തയാറാണെന്നും പറഞ്ഞു. ഒളിച്ചുപോരുന്ന സാഹചര്യത്തില്‍ പണമോ ആഭരണമോ വീട്ടില്‍നിന്നു കിട്ടില്ലെന്നും ധരിപ്പിച്ചു. സ്വത്തും പണവും തനിക്കു വേണ്ടെന്നും ഒരു ലോണ്‍ തരപ്പെടുത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കല്യാണം നടത്താമെന്നും ശശീന്ദ്രന്‍നായര്‍ സമ്മതിച്ചതോടെ കല്യാണം ഉറപ്പിച്ചു. മൂന്നുതവണ കണ്ടപ്പോഴും അഭിഭാഷകരുടേതുപോലെ കറുത്ത ബ്ളൗസും വെള്ള സാരിയുമായിരുന്നു ശാലിനിയുടെ വേഷമെന്നു ശശീന്ദ്രന്‍നായര്‍ പറയുന്നു. കോടതിയില്‍ ധരിക്കുന്ന വെള്ളക്കോളറും കറുത്തകോട്ടും ബാഗില്‍ കരുതിയിരുന്നു. ഹൈകോടതിയിലെ ഒരു കേസിന്‍െറ രേഖകള്‍ ആലപ്പുഴയില്‍നിന്നു വാങ്ങി വ്യാഴാഴ്ച വൈകുന്നേരം സീനിയര്‍ വക്കീലിനെ ഏല്‍പിക്കണമെന്നും അതു നല്‍കിയാല്‍ പിന്നെ കേസ് സീനിയര്‍ വക്കീല്‍ നടത്തിക്കൊള്ളുമെന്നും തനിക്കു സ്വസ്ഥമാകാമെന്നും ശാലിനി ധരിപ്പിച്ചു. കല്യാണം കഴിഞ്ഞാലുടന്‍ ആലപ്പുഴയിലേക്ക് പോകാന്‍ ഒരു ടാക്സിയും ശശീന്ദ്രന്‍നായര്‍ ഇടപാടുചെയ്തു. സുഹൃത്തുക്കള്‍ മുഖേന സഹകരണബാങ്കില്‍നിന്ന് രണ്ടു ലക്ഷം രൂപയുടെ ലോണ്‍ തരപ്പെടുത്തിയാണ് ശശീന്ദ്രന്‍നായര്‍ കല്യാണം നടത്തിയത്. ബുധനാഴ്ച ഉച്ചയോടെ കോട്ടയത്തെത്തി പ്രതിശ്രുത വരനും വധുവും കെ.എസ്.ആര്‍.ടി.സിക്കു സമീപമുള്ള തുണിക്കടയില്‍നിന്ന് 4000 രൂപ വിലയുള്ള മന്ത്രകോടി സാരിയും മറ്റു വസ്ത്രങ്ങളും വാങ്ങിയിരുന്നു. അടിയന്തര ആവശ്യം പറഞ്ഞ് ബ്ളൗസ് തുന്നാനും ഏര്‍പ്പാട് ചെയ്തു. ഇതിനുള്ള അളവു വസ്ത്രവും ശാലിനി കൊണ്ടുവന്നിരുന്നു. വരന്‍ മൂന്നു പവന്‍െറ താലിമാലയും മുക്കാല്‍ പവന്‍െറ താലിയും ഒന്നേകാല്‍ പവന്‍ മോതിരവും കല്യാണത്തിനു കരുതിവെച്ചിരുന്നു. താന്‍ തിരുവനന്തപുരത്തിനു കോടതി കാര്യങ്ങള്‍ക്കു പോകുകയാണെന്ന വ്യാജേനയാണ് കല്യാണം നടത്താന്‍ പിറ്റേന്നു വരുന്നതെന്നും ഇവര്‍ ധരിപ്പിച്ചിരുന്നു. ഇതനുസരിച്ച് വ്യാഴാഴ്ച രാവിലെ കറുത്ത ബ്ളൗസ് ധരിച്ചെത്തിയ ശാലിനിയെ വരന്‍െറ ബന്ധുക്കളാണു വിവാഹത്തിന് ഒരുക്കി കല്യാണപ്പന്തലിലേക്കു കുരവയിട്ട് ആനയിച്ചത്. വരന്‍െറ ബന്ധുക്കളും സ്വന്തക്കാരുമായി അമ്പതോളം പേര്‍ വിവാഹത്തില്‍ പങ്കെടുത്തു. ഇവര്‍ക്കെല്ലാം സദ്യയും നല്‍കി. ആലപ്പുഴ കടപ്പുറത്തു കുറേനേരം ആത്മാര്‍ഥ സ്നേഹം അഭിനയിച്ചശേഷമാണു ശാലിനി കേസ് ആവശ്യത്തിനു പൊലീസ് സ്റ്റേഷനില്‍ പോയി വരാമെന്ന് പറഞ്ഞ് ശശീന്ദ്രന്‍നായരെ അവിടെ നിര്‍ത്തി ഓട്ടോയില്‍ കയറി മുങ്ങിയത്. മണിക്കൂറുകള്‍ കാത്തിരുന്ന ശേഷം ഫോണില്‍ തുടരെ വിളിച്ചിട്ടും കാണാതെ വന്നതോടെ വരന്‍ ആലപ്പുഴയിലെ മൂന്നു പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി. തുടര്‍ന്ന് ബീച്ച് പൊലീസ് ് സ്റ്റേഷനില്‍ പരാതി നല്‍കി മടങ്ങി വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് അലമാരയില്‍ വെച്ചിരുന്ന 50,000 രൂപ നഷ്ടപ്പെട്ടവിവരം അറിയുന്നത്. പിറ്റേന്ന് ചിങ്ങവനം പൊലീസില്‍ പരാതി നല്‍കിയതിന്‍െറ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിവരുന്നത്. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗത്തുനിന്ന് സമാനമായ പരാതികള്‍ ശാലിനിക്കെതിരെ ഉണ്ടെന്നും പലരും ചതിവ് പുറത്തുപറയാത്ത സ്ഥിതിയുണ്ടെന്നും ചിങ്ങവനം എസ്.ഐ നിസാം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.