നെട്ടൂര്‍: നെട്ടൂര്‍-തേവര ഫെറി ബോട്ട് സര്‍വീസ് നിലച്ചത് സ്കൂള്‍ കുട്ടികളടക്കം യാത്രക്കാരെ ദുരിതത്തിലാക്കി. മൂന്നു ദിവസമായി സര്‍വീസ് നടത്തുന്നില്ല. ഇതിനിടെ നഗരസഭ താല്‍ക്കാലിക ബോട്ട് എത്തിച്ചെങ്കിലും തകരാറിലായതിനെ തുടര്‍ന്ന് ഇതും നിലച്ചു. തേവര, കൊച്ചി, എറണാകുളം സിറ്റി എന്നിവിടങ്ങളിലെ വിവിധ സ്കൂളുകളിലേക്ക് ഒട്ടേറെ വിദ്യാര്‍ഥികളുടെ എളുപ്പമാര്‍ഗമാണ് ഈ കടത്ത്. കൂടാതെ നേവല്‍ബേസ്, ഷിപ്യാര്‍ഡ്, പോര്‍ട്ട് ജീവനക്കാര്‍ എന്നിവരിലും ഈ സര്‍വീസിനെ ആശ്രയിക്കുന്നവരുണ്ട്. പഴയബോട്ട് തകരാറിലായതിനെ തുടര്‍ന്ന് 10 ലക്ഷം രൂപ മുടക്കിയാണ് നഗരസഭ കഴിഞ്ഞവര്‍ഷം ഈ ബോട്ട് പണികഴിപ്പിച്ച് ഇറക്കിയത്. സര്‍വീസ് ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍തന്നെ ബോട്ട് തകരാറിലായി. തകരാര്‍ കണ്ടെത്താനായി ബോട്ട് നിര്‍മിച്ചുനല്‍കിയ നെട്ടൂരിലെ സ്വകാര്യ ബോട്ട് കമ്പനി ഉടമതന്നെ ബോട്ട് സര്‍വീസ് നടത്തുകയും ചെയ്തു. പിന്നീട് പലതവണ തകരാറിലായതിനെ തുടര്‍ന്ന് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ബോട്ടിന് പുഷ്പചക്രം വെച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സ്കൂള്‍ തുറന്നിട്ടും ബോട്ട് സര്‍വീസ് കാര്യക്ഷമമാകാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ പരാതിയുമായി രംഗത്തെത്തി. എന്നാല്‍, കുമ്പളം പഞ്ചായത്തിന്‍െറ മേല്‍നോട്ടത്തിലെ കുമ്പളം-തേവര ഫെറി ബോട്ട് സര്‍വീസ് മുടക്കം കൂടാതെ നടത്തുന്നതെങ്ങനെയെന്നും യാത്രക്കാര്‍ ചോദിക്കുന്നു. തകരാര്‍ പരിഹരിച്ച് ബോട്ട് സര്‍വീസ് കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സര്‍വീസ് നിലച്ചതിനാല്‍ ഈ ബോട്ടിനെ ആശ്രയിക്കുന്ന യാത്രക്കാര്‍ മൂന്ന് കി.മീറ്ററിലധികം യാത്ര ചെയ്തുവേണം യഥാസ്ഥാനത്തെത്താന്‍. ഇത് അധികചെലവിനും സമയനഷ്ടത്തിനും ഇടയാക്കുന്നുണ്ട്. നഗരസഭ 10 ലക്ഷം മുടക്കി നിര്‍മിച്ച ബോട്ടിന്‍െറ നിര്‍മാണത്തിനെതിരെ വിജിലന്‍സും തദ്ദേശ ഭരണ ഓംബുഡ്സ്മാനും പരാതി നല്‍കിയതായി ബി.ജെ.പി നെട്ടൂര്‍ ഏരിയ സെക്രട്ടറി എം.കെ. സുരേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍, തകരാര്‍ പരിഹരിച്ച് തിങ്കളാഴ്ച സര്‍വീസ് പുനരാരംഭിക്കുമെന്ന് കൗണ്‍സിലര്‍ സുകുമാരി ഇന്ദ്രന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.