പട്ടയവിതരണം ത്വരിതപ്പെടുത്തണം –ജില്ലാ വികസന സമിതി

തൃശൂര്‍: ജില്ലയില്‍ അര്‍ഹരായവര്‍ക്ക് ഉടന്‍ പട്ടയം നല്‍കണമെന്ന് ജില്ലാ വികസനസമിതി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് എം.പി. വിന്‍സന്‍റ് എം.എല്‍.എ അവതരിപ്പിച്ച പ്രമേയം പി.എ. മാധവന്‍ എം.എല്‍.എ പിന്താങ്ങി. കലക്ടറെ പട്ടയ വിതരണ സ്പെഷല്‍ ഓഫിസറായി നിയമിച്ച സര്‍ക്കാറിനെ യോഗം അഭിനന്ദിച്ചു. സ്പെഷല്‍ ഓഫിസര്‍ക്ക് പ്രത്യേക ഓഫിസും ജീവനക്കാരെയും അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലയിലെ മലയോര മേഖലയിലെ കുടിയേറ്റക്കാര്‍ക്ക് പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് വില്ലേജ് ഓഫിസര്‍ നല്‍കുന്ന കൈവശ സര്‍ട്ടിഫിക്കറ്റിന്‍െറ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം അനുവദിക്കണമെന്ന് മറ്റൊരു പ്രമേയത്തില്‍ യോഗം ആവശ്യപ്പെട്ടു. തലപ്പിള്ളി താലൂക്കിലെ മുണ്ടത്തിക്കോട്, പുതുരുത്തി, പാര്‍ളിക്കാട്, മിണാലൂര്‍, പെരിങ്ങണ്ടൂര്‍ വില്ലേജുകളില്‍ റീസര്‍വേ നടത്തിയതിനെ തുടര്‍ന്ന് രേഖകളിലുണ്ടായ പിശക് മൂലം ജനങ്ങള്‍ക്ക് നികുതി അടക്കാനും സ്ഥലം വില്‍ക്കാനും ബാങ്ക് വായ്പക്കും മറ്റും ആവശ്യമായ രേഖകള്‍ ലഭിക്കാനുമുള്ള പ്രയാസം പരിഹരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ. അജിത്കുമാര്‍ അവതരിപ്പിച്ച പ്രമേയത്തിനുള്ള മറുപടിയില്‍ കലക്ടര്‍ വ്യക്തമാക്കി. ഗുരുവായൂരിലെ റോഡ് നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കെ.വി. അബ്ദുല്‍ഖാദര്‍ എം.എല്‍.എ പ്രമേയം അവതരിപ്പിച്ചു. ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതി പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കോഓഡിനേറ്ററെ നിയമിക്കണമെന്നും യോഗം നിര്‍ദേശിച്ചു. പേരാമംഗലത്ത് പഞ്ചായത്തിന്‍െറ സ്ഥലം കൈയേറിയത് ഒഴിപ്പിക്കുന്നത് സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ സുരക്ഷ -ശുചീകരണ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന് പ്രത്യേക സ്ക്വാഡുകള്‍ രൂപവത്കരിച്ചിട്ടുണ്ടെന്നും പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും ലേബര്‍ ഓഫിസര്‍ അറിയിച്ചു. എം.എല്‍.എമാരായ ബാബു എം. പാലിശേരി, ഗീതാ ഗോപി, ബി.ഡി. ദേവസി, എ.ഡി.എം കെ. ശെല്‍വരാജ്, സബ് കലക്ടര്‍ മീര്‍ മുഹമ്മദ് അലി, സഹകരണ മന്ത്രിയുടെ പ്രതിനിധി പി.എ. ശേഖരന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ ടി.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.