ആദിവാസി വീടുകള്‍ പൊളിച്ചുവില്‍ക്കുന്നു; പിന്നില്‍ കരാര്‍ ലോബി

സുല്‍ത്താന്‍ ബത്തേരി: പണി പൂര്‍ത്തിയായവയും അല്ലാത്തവയുമായ ആദിവാസി ഭവനങ്ങള്‍ ചെറിയ തുക നല്‍കി പൊളിച്ചെടുത്ത് നാട്ടുകാരും കരാറുകാരും തട്ടിയെടുക്കുന്ന സംഭവങ്ങള്‍ വയനാട്ടിലെ ഗോത്രവര്‍ഗ കോളനികളില്‍ വ്യാപകമായി. ജനപ്രതിനിധികളടക്കം രാഷ്ട്രീയക്കാരും ഇതില്‍ പങ്കുചേരുന്നു. പുതിയ വീട് അനുവദിപ്പിക്കുമെന്ന ഉപാധിയിലാണ് നിലവിലെ വീടുകള്‍ കച്ചവടമാക്കുന്നത്. ഓട്, മരം, കല്ല്, കട്ടിള, വാതില്‍ തുടങ്ങിയവക്കെല്ലാം പ്രതിഫലമായി ചെറിയ തുക നല്‍കുകയാണ് പതിവ്. വീട് നിര്‍മാണത്തിന് പഞ്ചായത്ത് മുഖേന ഒരു പ്രാവശ്യം ഫണ്ടനുവദിച്ചാല്‍ 12 വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ അടുത്ത അപേക്ഷ പരിഗണിക്കാനാവൂ. വീട് തട്ടിയെടുക്കപ്പെടുന്നതോടെ ആദിവാസി കുടുംബം പെരുവഴിയിലാവും. അവര്‍ കോളനി ഉപേക്ഷിച്ച് ബന്ധുവീടുകളിലേക്കും മറ്റും താമസം മാറും. അതേ കോളനിയില്‍ തന്നെ വീണ്ടും കുടിലുകള്‍ കെട്ടുന്നവരുമുണ്ട്. ഇങ്ങനെ വീട് നഷ്ടപ്പെടുന്നവരെ മറ്റു കോളനികളില്‍ പാര്‍പ്പിച്ച് പുതിയ വിലാസത്തില്‍ വീടിന് അപേക്ഷ നല്‍കി അനുവദിപ്പിച്ച് വീണ്ടും ഫണ്ട് തട്ടിയെടുക്കാന്‍ പ്രത്യേക ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഗോത്രസമൂഹത്തിലെ പ്രശ്നം പുറംലോകം അവഗണിക്കുന്നതിനാല്‍ കേസും പൊല്ലാപ്പുമില്ലാതെ തട്ടിപ്പ് നിര്‍ബാധം തുടരുന്നു. ഇ.എം.എസ് ഭവന പദ്ധതിയില്‍ വീട് അനുവദിച്ചപ്പോള്‍ നിലവിലുണ്ടായിരുന്ന കുടില്‍ പൊളിച്ചുമാറ്റിയാണ് പുതിയ വീടിന് തറകെട്ടിയത്. ഫണ്ട് മുന്‍കൂട്ടി വാങ്ങി കരാറുകാരന്‍ മുങ്ങിയതോടെ അരപ്പതിറ്റാണ്ടു കഴിഞ്ഞിട്ടും വീടുനിര്‍മാണം തറയിലൊതുങ്ങി. കുടുംബം ചിന്നിച്ചിതറി പലയിടങ്ങളില്‍ പല വീടുകളിലായി അന്തിയുറങ്ങി. പുതിയ വീട് അനുവദിപ്പിക്കാമെന്നും അതിന് കെട്ടിയ തറ പൊളിച്ചുമാറ്റണമെന്നും നിര്‍ദേശം വെച്ചതും കരാറുകാരന്‍ തന്നെ. തറ ‘സൗജന്യ’മായി പൊളിച്ചുകൊടുത്ത കരാറുകാരന്‍ കല്ലിന്‍െറ വിലയായി 1000 രൂപ കൈമാറിയപ്പോള്‍ വീട്ടുടമയായ ആദിവാസി വീട്ടമ്മക്ക് വലിയ സന്തോഷം. 1000 രൂപക്ക് അഞ്ചുലോഡ് കല്ല് തട്ടിയെടുക്കുകയാണ് കരാറുകാരന്‍ ചെയ്തത്. നമ്പ്യാര്‍കുന്ന് കല്ലൂര്‍ പണിയ കോളനിയിലാണ് സംഭവം. കല്ലൂര്‍ പണിയ കോളനിയില്‍ മൂന്ന് വീടുകളാണ് അടുത്തദിവസങ്ങളില്‍ പൊളിച്ചുവിറ്റത്. രാധാ വെളുക്കന്‍, ബിന്ദു രാജന്‍, കല്യാണി എന്നിവരുടേതായിരുന്നു വീടുകള്‍. കരാറുകാരന്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു പോയതായിരുന്നു മൂന്നു വീടും. പരാതികള്‍ ഏറെ പറഞ്ഞിട്ടും കരാറുകാരന്‍െറ പേരില്‍ നടപടിയുണ്ടായില്ല. ബിന്ദു രാജന്‍െറ വീടു നിര്‍മാണം തുടങ്ങി തറ മാത്രമാണ് പൂര്‍ത്തീകരിച്ചത്. പഞ്ചായത്തില്‍നിന്ന് ഫണ്ട് മുന്‍കൂട്ടി വാങ്ങിയാണ് നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മുങ്ങിയത്. കല്യാണിയുടെ വീട് ഭിത്തി നിരപ്പില്‍ എത്തിയിരുന്നു. വാര്‍പ്പ് പണി മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഈ വീടിന്‍െറ ഇഷ്ടിക, കട്ടിള, വാതില്‍, ജനല്‍, കല്ല് തുടങ്ങിയവയെല്ലാം ഓരോരുത്തര്‍ ചുളുവിലയില്‍ സ്വന്തമാക്കി. സംഭവത്തിനെതിരെ പൊലീസിലും ട്രൈബല്‍ അധികൃതര്‍ക്കും പരാതി നല്‍കിയതായി വാര്‍ഡ് അംഗം സുഭദ്രരാജു ‘മാധ്യമ’ത്തോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.