പഴയങ്ങാടി: കെ.എസ്.ടി.പി പദ്ധതിയുടെ ഭാഗമായി നിര്‍മാണം നടക്കുന്ന പിലാത്തറ-പാപ്പിനിശ്ശേരി റോഡില്‍ അടുത്തിലയില്‍ റോഡ് ചളിക്കുളമായി. ഇതോടെ ഈ മേഖലകളിലൂടെയുള്ള കാല്‍നട യാത്രയും വാഹന ഗതാഗതവും ദുരിത പൂര്‍ണമായി. നിരവധി ഇരുചക്ര വാഹനങ്ങള്‍ റോഡില്‍ മറിഞ്ഞു വീണു. അടുത്തിലയിലെ കയറ്റം കൂടിയ ഭാഗങ്ങള്‍ ഒഴിവാക്കുന്നതിനായി മണ്ണിട്ട് ഉയര്‍ത്തിയ സ്ഥലത്ത് നിന്നാണ് ചളിവെള്ളം കുത്തിയൊഴുകിയത്. കുത്തിയൊഴുകിയ ചളിവെള്ളം സമീപത്തെ വീടുകളുടെ വരാന്തയിലേക്ക് ഒഴുകിയെത്തി കെട്ടി നില്‍ക്കുന്നത് സ്ഥല വാസികള്‍ക്ക് ദുരിതമായി. മഴവെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കാതെ മണ്ണിട്ട് ഉയര്‍ത്തിയതാണ് വിനയായത്. മഴ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഈ മേഖലകളിലെ ജോലി പൂര്‍ത്തീകരിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ കരിങ്കല്ലിന്റെലഭ്യത കുറവും മറ്റു കാരണങ്ങള്‍ കൊണ്ടും ജോലി നീണ്ടു പോവുകയായിരുന്നു. റോഡില്‍ ചളി നിറഞ്ഞ് ജനജീവിതം ദുരിതമായതോടെ പ്രദേശത്ത് ജനങ്ങളുടെ രോഷമുയര്‍ന്നു. ടി.വി. രാജേഷ് എം.എല്‍.എ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി കെ.എസ്.ടി.പി. അധികൃതര്‍, ഉദ്യോഗസ്ഥര്‍, കരാറുകാരുമായി ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. മഴ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഡ്രൈനേജ് ജോലികള്‍ക്ക് മുന്‍ഗണന നല്‍കാനും ചളി നിറഞ്ഞതു നിമിത്തമുള്ള ക്ളേശങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളാനും എം.എല്‍.എയുടെ നിര്‍ദേശത്തില്‍ ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.