വളംനിര്‍മാണ കമ്പനിയില്‍ നിന്നുയരുന്ന മലിനീകരണം പരിഹരിച്ചില്ലെന്ന്

കളമശേരി: എടയാര്‍ വ്യവസായ മേഖലയിലെ കോഴി മാലിന്യം ഉപയോഗിച്ചുള്ള വളം നിര്‍മാണ കമ്പനിയില്‍നിന്നും ഉയരുന്ന അന്തരീക്ഷ മലിനീകരണത്തിനും ദുര്‍ഗന്ധത്തിനും അറുതി ആയില്ലെന്ന് ജനജാഗ്രതാ സമിതി. രണ്ടുമാസം മുമ്പ് ഏലൂര്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന ജനപ്രതിനിധികളുടെയും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥരുടെയും ചര്‍ച്ചയില്‍ എടയാറിലെ ഓര്‍ഗാനോ ഫെര്‍ട്ടിലൈസേഴ്സ് കമ്പനിയില്‍നിന്ന് മലിനീകരണവും ദുര്‍ഗന്ധവും അവസാനിപ്പിക്കാന്‍ രണ്ട് ആഴ്ചക്കകം നടപടി സ്വീകരിക്കാമെന്നും അല്ലെങ്കില്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍ജിനീയര്‍ പറഞ്ഞിരുന്നു. എന്നാല്‍, രണ്ട് മാസം പിന്നിട്ടിട്ടും മലിനീകരണവും ദുര്‍ഗന്ധവും തുടരുകയാണെന്ന് ഏലൂരിലെ ജനജാഗ്രതാ സമിതി പറയുന്നു. നാട്ടുകാരുടെ പരാതിയില്‍ ബോര്‍ഡ് കമ്പനിക്ക് നല്‍കിയ നോട്ടീസില്‍ കമ്പനിയില്‍ മലിനജല സംസ്കരണ പ്ളാന്‍റ് മതിയായതല്ലെന്നും പ്ളാന്‍റില്‍ ശരിയായ മലിനജല സംസ്കരണം നടക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതായും ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, ഈ കമ്പനിയുടെ പോരായ്മകള്‍ പൂര്‍ത്തിയാക്കാതെ നോട്ടീസ് നല്‍കിയ ഈമാസം തന്നെ കമ്പനിക്ക് പി.സി.ബി കണ്‍സന്‍റ് നല്‍കിയതായും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഏലൂരിലെ പി.സി.ബിയുടെ ഈ നടപടിക്കെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാനും പരിസ്ഥിതി വനം വകുപ്പ് ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.