കൊളത്തൂര്‍ വയലില്‍ അനധികൃത കളിമണ്‍ ഖനനം

ബേഡഡുക്ക (കാസര്‍കോട്): ബേഡഡുക്ക പഞ്ചായത്തിലെ പെര്‍ളടുക്കം കൊളത്തൂര്‍ വയലില്‍ അനധികൃത കളിമണ്‍ ഖനനം നടത്തുന്നു. നെല്‍വയല്‍ കുഴിച്ചെടുക്കുന്ന കളിമണ്ണ് രാത്രി ലോറികളില്‍ കയറ്റി കണ്ണൂര്‍ ജില്ലയിലേക്കാണ് കടത്തിക്കൊണ്ടുപോകുന്നത്. ബേഡകത്തെ സഹകരണ സംഘത്തിന്‍െറ നിയന്ത്രണത്തിലുള്ള, മാസങ്ങളായി പൂട്ടിക്കിടക്കുന്ന ഓട് ഫാക്ടറിയുടെ മറവിലാണ് കളിമണ്ണ് കടത്ത്. കഴിഞ്ഞദിവസം രാത്രി ഇവിടെനിന്ന് 50 ലോഡ് കളിമണ്ണ് ലോറികളില്‍ കയറ്റിക്കൊണ്ടുപോയതായി പരിസരവാസികള്‍ പറഞ്ഞു. മൂന്നുമാസം മുമ്പ് 200 ലോഡ് മണ്ണ് കൊണ്ടുപോയിരുന്നു. 40 ഹെക്ടര്‍ വിസ്തൃതിയുള്ള കൊളത്തൂര്‍ പാടശേഖരത്തിന്‍െറ നടുവില്‍ ഒരേക്കറോളം നെല്‍വയല്‍ വിലക്ക് വാങ്ങിയാണ് സൊസൈറ്റിക്കുവേണ്ടി ഖനനം നടത്തുന്നത്. നെല്‍വയല്‍ സംരക്ഷണ നിയമം നിലവിലിരിക്കെയാണിത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ച് കളിമണ്ണ് ലോറികളില്‍ നിറച്ച് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ഇതിന് പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്‍െറ ഒത്താശയുമുണ്ട്. നിയന്ത്രണമില്ലാത്ത ഖനനം സമീപത്തെ വയലുകളിലെ കൃഷിയെ ബാധിച്ചിട്ടുണ്ട്. മണ്ണ് നീക്കിയ ഭാഗത്ത് ഒരേക്കറോളം വിസ്തൃതിയില്‍ 20 അടിയോളം താഴ്ചയുള്ള കുഴി രൂപപ്പെട്ടിരിക്കുകയാണ്. ചുറ്റുമതിലില്ലാത്ത കുഴി അപകടം ക്ഷണിച്ചുവരുത്തുന്ന സ്ഥിതിയാണ്. കുഴിയുടെ നാല് ഭാഗത്തും 50 മീറ്ററോളം അകലമിട്ടാണ് പാടശേഖരത്തിന്‍െറ മറ്റു ഭാഗത്ത് കൃഷി നടത്തുന്നത്. ഓട്ടുകമ്പനിയിലേക്കുള്ള ആവശ്യത്തിന് മണ്ണെടുക്കാനെന്നു പറഞ്ഞാണ് ഖനനത്തിന് പരിസരവാസികളുടെ സമ്മതം നേടിയത്. എന്നാല്‍, ഓട് നിര്‍മാണം നിലച്ച ഫാക്ടറിയില്‍ ഇടക്കാലത്ത് കളിമണ്ണ് ഉപയോഗിച്ച് ഇഷ്ടിക നിര്‍മാണം നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ അതും നിലച്ചു. മാസങ്ങളായി ഫാക്ടറി തുറക്കാറില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കളിമണ്ണ് കടത്തുന്നതല്ലാതെ കുഴി നികത്താന്‍ നടപടിയുണ്ടായില്ല. കൊളത്തൂര്‍ വയലിന്‍െറ നടുവില്‍ ഏക്കറുകളോളം അഗാധമായ കുഴി രൂപപ്പെട്ടതു കാരണം സമീപത്ത് കൃഷിയിറക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.