റെയില്‍വേ സ്റ്റേഷനില്‍ പ്രീപെയ്ഡ് ഓട്ടോ സര്‍വീസ് തുടങ്ങി

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചുള്ള പ്രീപെയ്ഡ് ഓട്ടോ സര്‍വീസ് വിജയിച്ചാല്‍ നഗരത്തില്‍ മറ്റു രണ്ടിടങ്ങളില്‍കൂടി സര്‍വീസ് ആരംഭിക്കും. ഇതുസംബന്ധിച്ച ആലോചന നടക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രമായുള്ള പ്രീപെയ്ഡ് സര്‍വീസ് ഒരു ദിവസം വൈകിയാണെങ്കിലും ഇന്നലെ ആരംഭിച്ചു. നന്നാക്കാന്‍ കൊണ്ടുപോയ കമ്പ്യൂട്ടറും പ്രിന്‍ററും കിട്ടിയില്ലെങ്കിലും യാത്രക്കാരെ മുഷിപ്പിക്കാതെ ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് സര്‍വീസ് ആരംഭിച്ചത്. തുടങ്ങി ഒരു മണിക്കൂറിനകം നൂറോളം ടോക്കണുകള്‍ നല്‍കി. കമ്പ്യൂട്ടര്‍ ഇല്ലാത്തതിനാല്‍ രസീത് ബുക്കില്‍ എഴുതി സ്ളിപ് യാത്രക്കാര്‍ക്ക് നല്‍കുകയായിരുന്നു. സര്‍വീസ് ചാര്‍ജായ ഒരു രൂപ യാത്രക്കാരില്‍നിന്നും ഈടാക്കേണ്ടെന്നു തീരുമാനിക്കുകയും ചെയ്തു. പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസാണ് ഇപ്പോള്‍ നടക്കുന്നത്. യാത്രക്കാരുടെ പ്രശ്നങ്ങളും പരാതികളും മനസ്സിലാക്കി യാത്രാ നിരക്കിലും മറ്റും മാറ്റങ്ങള്‍ വരുത്തിയതിനു ശേഷം സാധാരണ സര്‍വീസ് തുടരും. ജൂണ്‍ ആറിനായിരിക്കും ഉദ്ഘാടനം നടക്കുകയെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലുള്ള സര്‍വീസ് പകല്‍ പത്തുമണി മുതല്‍ വൈകീട്ടു വരെയാണ്. ഉദ്ഘാടനത്തിനു ശേഷം 24 മണിക്കൂര്‍ സര്‍വീസ് ആരംഭിക്കും. ഒരു വര്‍ഷം മുന്‍പ് നിര്‍ത്തലായ പ്രീപെയ്ഡ് സംവിധാനമാണ് വീണ്ടും ആരംഭിച്ചത്. ജൂണ്‍ രണ്ടിന് ആരംഭിക്കേണ്ടതായിരുന്നുവെങ്കിലും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കാനായില്ല. പഴയ പ്രീപെയ്ഡ് സര്‍വീസിന് ഉപയോഗിച്ച കമ്പ്യൂട്ടറും പ്രിന്‍ററുമായിരുന്നു നന്നാക്കാന്‍ നല്‍കിയിരുന്നത്. ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമായില്ലെങ്കില്‍ പുതിയ കമ്പ്യൂട്ടറും പ്രിന്‍ററും വാങ്ങും. മികച്ച രീതിയിയില്‍ ഇവിടെ സര്‍വീസ് നടക്കുകയാണെങ്കിലാണ് പുതിയ പ്രീപെയ്ഡ് സര്‍വീസുകള്‍ ആരംഭിക്കുക. പുതിയ ബസ് സ്റ്റാന്‍ഡ്, കാല്‍ടെക്സ് എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഇത്. നഗരപരിധി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായതിനു ശേഷമായിരിക്കും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാവുക. നിലവില്‍ യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കണമെന്ന് ഓട്ടോ ഡ്രൈവര്‍മാരോടും തൊഴിലാളി യൂനിയനുകളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എ.എം.വി.ഐ ബാബുരാജ് പറഞ്ഞു. ലൈസന്‍സ് തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കുന്നതിനു നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.