ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്‍െറ മിന്നല്‍ പരിശോധന

ചെങ്ങന്നൂര്‍: മാന്നാറില്‍ ആരോഗ്യവകുപ്പിന്‍െറ നേതൃത്വത്തില്‍ മൂന്ന് ഹോട്ടലുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഗുരുതര വീഴ്ച കണ്ടതിനെ തുടര്‍ന്ന് ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. സംസ്ഥാന പാതയില്‍ പരുമല ട്രാഫിക് ജങ്ഷന്‍, പണായിക്കടവ് ബോട്ട് ജെട്ടി എന്നിവക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ക്ക് ലൈസന്‍സില്ല. പാചകശാലയില്‍ വൃത്തിയും വെടിപ്പുമില്ലാതെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ മാലിന്യങ്ങള്‍ക്ക് സമീപമാണ് ആഹാരം പാകംചെയ്യുന്നത്. ഭക്ഷണ അവശിഷ്ടങ്ങള്‍ വലിച്ചെറിയുകയാണ്. മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങളില്ല. ഇതില്‍ ഒരു സ്ഥാപന ഉടമക്ക് പലതവണ നോട്ടീസ് കൊടുത്തിട്ടും പ്രശ്നം പരിഹരിക്കാതെ കോടതിയില്‍ കേസ് നിലവിലുണ്ടെന്ന് വ്യാജമായി പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 14 ദിവസത്തിനകം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. മാന്നാര്‍ സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷാജി കെ. ഡൊമിനിക്, ജെ. ഐ. അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.