സുല്‍ത്താന്‍ ബത്തേരി: ടൗണില്‍ ദേശീയപാത 212ന്‍െറ ഇരുവശങ്ങളിലായി പൊട്ടിത്തകര്‍ന്ന് താറുമാറായ നടപ്പാത നവീകരിക്കാന്‍ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ ഇഴയുന്നു. ഇന്‍റര്‍ലോക്ക് പതിച്ചും, റോഡും നടപ്പാതയും വേര്‍തിരിക്കാന്‍ ഇരുമ്പഴികള്‍ സ്ഥാപിച്ചും ആകര്‍ഷകമായ സംവിധാനമാണ് ഒരുങ്ങുന്നത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് അനുവദിച്ച രണ്ടു കോടി രൂപയും ഐ.സി. ബാലകൃഷ്ണന്‍െറ എം.എല്‍.എയുടെ ഫണ്ടില്‍നിന്നുള്ള രണ്ടു കോടിയും ചേര്‍ത്ത് നാലു കോടി രൂപയുടേതാണ് പദ്ധതി. നടപ്പാത നവീകരണവുമായി ബന്ധപ്പെട്ട് ബത്തേരി ഗ്രാമപഞ്ചായത്ത് തയാറാക്കിയ പ്ളാനും എസ്റ്റിമേറ്റും പൊതുമരാമത്ത് വകുപ്പ് അംഗീകരിക്കുകയായിരുന്നു. ടെന്‍ഡര്‍ നടപടികളാണ് ഇനി ബാക്കിയുള്ളത്. നടപ്പാത നവീകരണത്തിന് ടെന്‍ഡര്‍ നല്‍കിയതായും പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും 2013 ഏപ്രില്‍ അഞ്ചിന് പുതുക്കിപ്പണിത പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്‍െറ ഉദ്ഘാടന വേളയില്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് പ്രഖ്യാപിച്ചിരുന്നു. പൊട്ടിത്തകര്‍ന്നതും വിവിധ ഉയരങ്ങളിലുള്ളതുമായ സ്ളാബുകള്‍ പൂര്‍ണമായും മാറ്റി പുതിയത് സ്ഥാപിക്കാനായിരുന്നു ആദ്യ തീരുമാനം. ടൗണ്‍ മോടിപിടിപ്പിക്കുന്നതിന്‍െറ ഭാഗമായി ആധുനിക രീതിയില്‍ ഇന്‍റര്‍ലോക്ക് പതിച്ച നടപ്പാതയെന്ന ആശയം പിന്നീട് സ്വീകരിക്കുകയായിരുന്നു. മന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് ഒരുവര്‍ഷവും രണ്ട് മാസവും പിന്നിടുമ്പോഴും നവീകരണ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നതില്‍ നിശ്ചയമില്ല. ടെന്‍ഡര്‍ നടപടികള്‍ വൈകുന്നതുതന്നെ കാരണം. ടൗണില്‍ നടപ്പാതയുടെ അവസ്ഥ അപകടകരമാണ്. 50ഓളം സിമന്‍റ് സ്ളാബുകള്‍ തകര്‍ന്നനിലയിലാണ്. സമനിരപ്പിലല്ലാത്ത അവസ്ഥയിലാണ് മിക്കതും. ജനങ്ങള്‍ തട്ടിത്തടഞ്ഞ് വീണും പൊട്ടിയ സ്ളാബുകള്‍ക്കിടയില്‍പ്പെട്ടും അപകടങ്ങള്‍ നിത്യസംഭവമാണ്. നടപ്പാത നവീകരണത്തിന് അംഗീകാരമായെങ്കിലും അഴുക്കുചാല്‍ പുതുക്കിപ്പണിയാന്‍ പദ്ധതിയില്ല. അശാസ്ത്രീയമായാണ് ടൗണിലെ അഴുക്കുചാലുകളുടെ സ്ഥിതി. പലയിടങ്ങളിലും വെള്ളം കെട്ടിനില്‍ക്കും. മഴ പെയ്താല്‍ കട്ടയാട് ജങ്ഷന്‍ മുതല്‍ പഞ്ചായത്ത് ഓഫിസ് പരിസരം വരെ ദേശീയപാതയില്‍ മലിനജല പ്രളയമാണ്. നടപ്പാത നവീകരണത്തോടനുബന്ധിച്ച് അഴുക്കുചാലും ശാസ്ത്രീയമായി പുനര്‍നിര്‍മിച്ചാല്‍ മാത്രമേ ഫലപ്രാപ്തിയുണ്ടാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.