പഞ്ചായത്തിനെതിരായ പ്രചാരണം രാഷ്ട്രീയപ്രേരിതമെന്ന്

നെടുങ്കണ്ടം: പാമ്പാടുംപാറ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വേതന വിതരണത്തില്‍ കാലതാമസമുണ്ടായത് പഞ്ചായത്തിന്‍െറ വീഴ്ച മൂലമാണെന്ന പ്രചാരണം രാഷ്ട്രീയപ്രേരിതമാണെന്ന് പഞ്ചായത്ത് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാമ്പാടുംപാറ പഞ്ചായത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ വിവിധ വാര്‍ഡുകളിലായി 754 പ്രവൃത്തികള്‍ നടപ്പാക്കി. 2661 തൊഴിലാളി കുടുംബങ്ങള്‍ക്കായി 161256 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുകയും വേതനത്തിനും മറ്റിതര ഘടകങ്ങള്‍ക്കുമായി 4,02,08,443 രൂപ ചെലവഴിച്ചു. 2013 ഒക്ടോബര്‍ വരെ വേതന വിതരണം പ്രാഥമിക സഹകരണ ബാങ്കുകളും ദേശസാത്കൃത ബാങ്ക് മുഖേനയും ചെക് വിതരണം ചെയ്തു. പിന്നീട് കേന്ദ്ര സര്‍ക്കാറിന്‍െറ തീരുമാനപ്രകാരം സംസ്ഥാനത്തെ തൊഴിലുറപ്പ് വേതനം ഇ.എഫ്.എം.എസ് വഴി എസ്.ബി.ഐ പട്ടം ശാഖ വഴി തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്ന രീതി ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുന്നതിലുണ്ടായ കാലതാമസം മൂലം പദ്ധതിക്ക് ഫണ്ട് ലഭിക്കുന്നതില്‍ കുറവുണ്ടായി. കേന്ദ്രീകൃത ഫണ്ട് വിനിമയ സംവിധാനത്തിലുണ്ടായ ചില തകരാറുകളും ബാങ്ക് പട്ടം ശാഖയിലെ അമിത ജോലിഭാരവും മൂലം കേരളത്തിലെമ്പാടും തൊഴിലുറപ്പ് വേതന വിതരണത്തില്‍ കാലതാമസം നേരിട്ടു. പൊതുവായുണ്ടായ ഈ കാലതാമസം മനസ്സിലാക്കാതെയാണ് പഞ്ചായത്തിനെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇവിടെ 70 ലക്ഷം രൂപ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമന്ദിരം ശശികുമാര്‍, വൈസ് പ്രസിഡന്‍റ് ശ്രീലത സുരേന്ദ്രന്‍, അംഗങ്ങളായ ടോമി കരിയിലക്കുളം, മോഹന്‍ മക്കൊള്ളില്‍, ഉഷ മണിരാജ്, അസി. സെക്രട്ടറി എ.വി. അജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.