മട്ടാഞ്ചേരി: ബസപകടത്തില്‍ നട്ടെല്ലൊടിഞ്ഞ് ജോലി ചെയ്യാനാവാത്ത അവസ്ഥയില്‍ കഴിയുന്ന സാബു, ജന്മനാ അരക്കുതാഴെ തളര്‍ന്ന ഭാര്യ സിന്ധു, ഇരുവരും സഞ്ചരിക്കുന്ന മുച്ചക്രവാഹനം ഏക സമ്പാദ്യം. രോഗാവസ്ഥയില്‍ മുച്ചക്രവാഹനവും തള്ളിനീക്കി ജീവിതചക്രം തിരിക്കുകയാണ് സാബുവും സിന്ധുവും. ആര്‍ക്കു മുന്നിലും കൈനീട്ടാതെ സ്വന്തമായി ജോലി ചെയ്ത് ജീവിക്കണമെന്നാണ് സാബുവിന്‍െറ ആഗ്രഹം. ലോട്ടറി ടിക്കറ്റ് വില്‍പന തുടങ്ങണമെന്ന മോഹവും പേറി നട്ടെല്ലിന് കുടുതല്‍ ബലം കൊടുക്കാത്ത വിധത്തില്‍ മുച്ചക്രവാഹനത്തിന്‍െറ കൈചക്രം തിരിച്ച് നീങ്ങുകയാണ് സാബു. ലോട്ടറി കച്ചവടം തുടങ്ങണമെങ്കില്‍ ചുരുങ്ങിയത് 500 രൂപ കെട്ടിവെക്കണമെന്നാണ് അന്വേഷിച്ചപ്പോള്‍ അറിഞ്ഞതെന്ന് സാബു പറയുന്നു. ചെറുകിട ജോലികള്‍ ചെയ്തുവന്നിരുന്ന ഫോര്‍ട്ടുകൊച്ചി സൗദി ബീച്ച് റോഡില്‍ സാബു 13 വര്‍ഷം മുമ്പാണ് പറവൂര്‍ മാഞ്ഞാലിയില്‍ വീട്ടിനുള്ളില്‍ ജന്മനാ അരക്കുതാഴെ തളര്‍ന്ന സിന്ധുവിനെ കണ്ടത്. മകളുടെ ദു$സ്ഥിതിയില്‍ മനംനൊന്ത് കഴിയുന്ന സിന്ധുവിന്‍െറ അമ്മയുടെ വാക്കുകള്‍ സാബുവിന്‍െറ ഹൃദയത്തില്‍ തറച്ചു. ‘മകള്‍ക്ക് എന്‍െറ മരണശേഷം ആരുണ്ട്’ എന്ന ചോദ്യം സാബുവിന്‍െറ മനസ്സില്‍ നൊമ്പരപ്പൂ വിരിയിച്ചു. സുഖമില്ലാതെ കിടക്കുന്ന സിന്ധുവിന് ജീവിതം നല്‍കാന്‍ സാബു തയാറായി. അരക്കുതാഴെ തളര്‍ന്ന സിന്ധുവിനെ ജീവിതപങ്കാളിയാക്കിയതറിഞ്ഞ വീട്ടുകാര്‍ സാബുവിനെ കുടുംബത്തില്‍നിന്ന് പുറത്താക്കി. ശാന്തസുന്ദരമായ ജീവിതം മുന്നോട്ടുപോകവെയാണ് വരാപ്പുഴ പാലത്തിന് സമീപത്തുവെച്ച് സാബുവിനെ കെ.എസ്.ആര്‍.ടി.സി ബസിടിച്ചത്. അപകടത്തില്‍ സാബുവിന്‍െറ നട്ടെല്ലിന് ക്ഷതമേറ്റതോടെ ജീവിതം വഴിമുട്ടി. ജോലിക്ക് പോകാനാവാതെ വിഷമിച്ചു. 10 കൊല്ലമായി ആരുടെയെല്ലാമോ കനിവില്‍ ജീവിതം തള്ളിനീക്കുകയാണ് ഈ ദമ്പതികള്‍. ഒരുമിച്ചുള്ള യാത്ര, ഒരുമിച്ചുള്ള ജീവിതം ഇതു മാത്രമാണ് ദമ്പതികളുടെ ആഗ്രഹം. അതിനിടയില്‍ മൂന്നുനേരം ഭക്ഷണമില്ലെങ്കിലും ഒരുനേരമെങ്കിലും ജീവിതം നിലനിര്‍ത്താന്‍ ഭക്ഷണം വേണം. കൈ നീട്ടാന്‍ മനസ്സും അനുവദിക്കുന്നില്ല. അറിഞ്ഞുതന്നാല്‍ വാങ്ങുമെന്ന് മാത്രം. ജീവിതയാത്രക്കിടെ ഒരാള്‍ ഒരു മൊബൈല്‍ ഫോണ്‍ സമ്മാനിച്ചിട്ടുണ്ട്. സമ്പാദ്യത്തില്‍ ഒന്ന് ഈ മൊബൈലാണ്. ഒരാഴ്ച കൂടുമ്പോള്‍ ഏതെങ്കിലും കടക്കാര്‍ ചാര്‍ജ് ചെയ്ത് നല്‍കും. നമ്പര്‍: 77361 20633. അഗതി മന്ദിരങ്ങളില്‍ താമസിപ്പിക്കാന്‍ പലരും തയാറായെങ്കിലും ഒരുമിച്ചുള്ള ജീവിതം നഷ്ടപ്പെടുമെന്നതിനാല്‍ സാബു പിന്തിരിഞ്ഞു. മരണംവരെ ഒരുമിച്ചുകഴിയണം. അതും അന്തസ്സോടെ. അതിന് 500 രൂപ വേണം. അത് കിട്ടിയാല്‍ സ്വന്തം തണലില്‍ ഭാര്യയെ സംരക്ഷിക്കാം. വണ്ടിയുടെ പെഡലുകള്‍ കറക്കി നീങ്ങുമ്പോള്‍ ഒരു ധ്വനി ഉയരുന്നതുപോലെയുള്ള ശബ്ദം തെളിഞ്ഞു; ഒരു 500 രൂപ തരുമോ ഒന്ന് ജീവിക്കാനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.