പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യം –മന്ത്രി അനൂപ് ജേക്കബ്

കൊച്ചി: ക്ഷീരോല്‍പാദന രംഗത്ത് സ്വയം പര്യാപ്തത ഉറപ്പാക്കാന്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി അനൂപ് ജേക്കബ്. സംസ്ഥാനത്തിനാവശ്യമായ പാല്‍ പൂര്‍ണമായും ഇവിടെ ഉല്‍പാദിപ്പിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ലോകക്ഷീരദിനത്തില്‍ ജില്ലാതല ക്ഷീര ദിനാഘോഷവും ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍െറയും ഉദ്ഘാടനം തിരുമാറാടി ക്ഷീര സഹകരണ സംഘം ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പാല്‍ ഉല്‍പാദനത്തില്‍ കേരളം കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ 30 ശതമാനത്തിന്‍െറ വര്‍ധനനേടി. സ്വയം പര്യാപ്തത നേടുന്നതിന്‍െറ സൂചനയാണിത്. 60 വയസ്സ് കഴിഞ്ഞ ക്ഷീരകര്‍ഷകര്‍ക്ക് പെന്‍ഷനുള്‍പ്പെടെ സഹായം സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്. കര്‍ഷകരെ ആകര്‍ഷിക്കാന്‍ നൂതന പദ്ധതികളാണ് ആവിഷ്കരിക്കുന്നത്. ഇതിന്‍െറ ഭാഗമായാണ് കര്‍ഷകര്‍ക്ക് ഒത്തുകൂടാനും പ്രശ്നങ്ങള്‍ പങ്കുവെക്കാനും പരിഹാരം കാണാനും ക്ഷീരസംഘങ്ങളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്ന ഇന്‍റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യവുമായി ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്‍റര്‍ ആരംഭിച്ചത്. വിവിധ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും കേന്ദ്രത്തിന്‍െറയും സഹകരണത്തോടെ കാലിത്തീറ്റ സബ്സിഡി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ പാല്‍ അളന്ന മികച്ച കര്‍ഷകരായ ജെയ്സണ്‍ കെ. കക്കാട്, ഷീജ സദാനന്ദന്‍, ടി.കെ. മോഹനന്‍ കരോട്ട്, രാജു സി. ചിറപ്പുറം എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍ദോസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോര്‍ജ്കുട്ടി ജേക്കബ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാമ്പാക്കുട ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഐഷ മാധവ്, ജില്ലാ പഞ്ചായത്ത് അംഗം ആശാ സനല്‍, പാമ്പാക്കുട ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസഫ് ബാബു, തിരുമാറാടി പഞ്ചായത്ത് ആക്ടിങ് പ്രസിഡന്‍റ് സ്മിത സാജു, മെംബര്‍ കുഞ്ഞപ്പന്‍ പൈങ്കിളി, വിവിധ ക്ഷീര സഹകരണ സംഘങ്ങളുടെ പ്രസിഡന്‍റുമാരായ ഷാജി കുടിയിരിക്കല്‍, കെ.സി. തോമസ്, എം.വി. യോഹന്നാന്‍, എം.ജെ. ജോസഫ്, മര്‍ക്കോസ് ഉലഹന്നാന്‍, വെറ്ററിനറി സര്‍ജന്‍ ഡോ.ക്ളെയര്‍ ഈപ്പന്‍ എന്നിവര്‍ സംസാരിച്ചു. തിരുമാറാടി ക്ഷീര സഹ.സംഘം പ്രസിഡന്‍റ് പി.യു. ജോയി സ്വാഗതവും ക്ഷീര വികസന ഓഫിസര്‍ വി.സി. ആനിയമ്മ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.