കാല്‍പ്പന്തുകളിയുടെ നാട്ടില്‍ ആവേശം വിതറി സോക്കര്‍ കാര്‍ണിവല്‍

കൊടുവള്ളി: കാല്‍പ്പന്തുകളിയുടെ പെരുമയുറങ്ങുന്ന കൊടുവള്ളിയുടെ മണ്ണില്‍ മാധ്യമം-മീഡിയവണ്‍ സോക്കര്‍ കാര്‍ണിവലിന് ആവേശോജ്ജ്വല വരവേല്‍പ്. കൊയപ്പ ഫുട്ബാള്‍ ടൂര്‍ണമെന്‍റിനെ കളിമികവുകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ദേശീയ ശ്രദ്ധയിലെത്തിച്ച ഫുട്ബാള്‍ ആരാധകരായ കൊടുവള്ളിക്കാര്‍ റിയോ ഡെ ജനീറോയില്‍ ആദ്യ വിസില്‍ മുഴക്കുന്നത് കാതോര്‍ത്ത് നില്‍ക്കവെയാണ് ത്രസിപ്പിക്കുന്ന ഫുട്ബാള്‍ കാഴ്ചകളുമായി സോക്കര്‍ കാര്‍ണിവല്‍ കൊടുവള്ളി മുസ്ലിം ഓര്‍ഫനേജ് ഹൈസ്കൂള്‍ ഗ്രൗണ്ടിലെത്തിയത്. വി.എം. ഉമ്മര്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുഖ്യ ആകര്‍ഷണമായ ഷൂട്ടൗട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ മുതല്‍ 40 വയസ്സിന് മുകളിലുള്ളവര്‍ വരെ ആവേശത്തോടെ എത്തി. 64 പേര്‍ കിക്കെടുത്തതില്‍ 20ഓളം പേര്‍ വല കുലുക്കി. ഗോള്‍കീപ്പര്‍മാരായ ഷാജഹാനും അസ്ലമും പകുതിയിലധികം കിക്കുകള്‍ തടഞ്ഞിട്ടു. മത്സരാര്‍ഥികള്‍ക്ക് ആവേശം പകരാനായി ദേശീയ സ്കൂള്‍ ഫുട്ബാള്‍ ടീം കോച്ച് വഹാബ് കൊടുവള്ളിയിലെ പഴയകാല കളിക്കാരായ മാളിയേക്കല്‍ അബ്ദുറഹ്മാനും അബ്ദുല്‍ അസീസും ശൈലേഷും ഗ്രൗണ്ടില്‍ സജീവമായിരുന്നു. കൊയപ്പ അഖിലേന്ത്യാ ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ സംഘാടകരായ ലൈറ്റ്നിങ് സ്പോര്‍ട്സ് ക്ളബ് അംഗങ്ങളും കെ.എം.ഒ ഹൈസ്കൂള്‍ വിദ്യാര്‍ഥികളും മത്സരത്തില്‍ പങ്കെടുത്തു. ഗോളിയെ കബളിപ്പിച്ച് വലകുലുക്കിയവര്‍ക്ക് ഗ്രൗണ്ടില്‍ വെച്ചുതന്നെ സമ്മാനങ്ങള്‍ നല്‍കി. ബ്രസീലിന്‍െറയും അര്‍ജന്‍റീനയുടെയും സ്പെയിനിന്‍െറയും ജര്‍മനിയുടെയും ഇംഗ്ളണ്ടിന്‍െറയുമൊക്കെ ആരാധകരായ വാവാട്ടെ മുഹിബുല്‍ ഹഖും കൊടുവള്ളിക്കാരായ അലി ഇബ്നുവും റമീസും അന്‍വര്‍ ഷബീറും റിഷാദും ജംഷീറും ജിന്‍ഷാദും മുനീസുമൊക്കെ ലോകകപ്പില്‍ ഗോളടിച്ച പ്രതീതിയുമായാണ് സമ്മാനങ്ങളുമായി ഗ്രൗണ്ട് വിട്ടത്. ഗോളടിക്കാനാവാത്തവര്‍ക്ക് നിരാശയുണ്ടെങ്കിലും സോക്കര്‍ കാര്‍ണിവലില്‍ പങ്കെടുക്കാനായതിന്‍െറ സന്തോഷം മാധ്യമവുമായി പങ്കുവെച്ചു. സിനിമാ താരം രവീന്ദ്രന്‍െറ അവതരണം കാണികളെ ഹരംകൊള്ളിച്ചു. മാധ്യമം കോഴിക്കോട് റെസിഡന്‍റ് യൂനിറ്റ് മാനേജര്‍ ടി.കെ. അബ്ദുല്‍ റഷീദ്, പബ്ളിക് റിലേഷന്‍സ് മാനേജര്‍ ഷൗക്കത്ത്, അസിസ്റ്റന്‍റ് പബ്ളിക് റിലേഷന്‍സ് മാനേജര്‍ റഹ്മാന്‍ കുറ്റിക്കാട്ടൂര്‍, സീനിയര്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് പി.ടി. ഷഫീഖ് അലി എന്നിവര്‍ നേതൃത്വംനല്‍കി. ലോകകപ്പ് ഫുട്ബാളിന് സ്വാഗതമോതി മാധ്യമവും മീഡിയവണും എസ്.ബി.ടിയും സംഘടിപ്പിക്കുന്ന സോക്കര്‍ കാര്‍ണിവല്‍ കേരളത്തിലെ 20 കേന്ദ്രങ്ങളിലാണ് പര്യടനം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.