അക്ഷരംതേടി കുരുന്നുകള്‍ നാളെ സ്കൂളിലേക്ക്

കോഴിക്കോട്: ചിരിയും കളിയുമായി പുസ്തകത്താളില്‍ അറിവിന്‍െറ അക്ഷരംകുറിക്കാന്‍ തയാറായി കുരുന്നുകള്‍ തിങ്കളാഴ്ച സ്കൂളിലേക്ക്. പുത്തനുടുപ്പും കുടയും ബാഗുമായി ഒന്നാംക്ളാസിന്‍െറ പടി ചവിട്ടാന്‍ ജില്ലയില്‍ 30,000 കുട്ടികളെയാണ് പ്രതീക്ഷിക്കുന്നത്. ജില്ലയിലെ 183 സര്‍ക്കാര്‍ എല്‍.പി സ്കൂളുകളിലായി 6912 കുട്ടികളാണ് കഴിഞ്ഞവര്‍ഷം ചേര്‍ന്നത്. 2009 മുതലുള്ള കണക്ക് നോക്കുമ്പോള്‍ 8197ല്‍ നിന്ന് കുട്ടികളുടെ എണ്ണം 2013ലെത്തിയപ്പോള്‍ 6912 ആയി കുറഞ്ഞിരിക്കുന്നു. ഈ വര്‍ഷവും 6000ലേറെ കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളുകളിലെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ജില്ലയിലെ മൊത്തം 719 സര്‍ക്കാര്‍ -എയ്ഡഡ്-അണ്‍ എയ്ഡഡ് എല്‍.പി സ്കൂളുകളിലായി 29753 കുട്ടികളാണ് കഴിഞ്ഞവര്‍ഷം ചേര്‍ന്നത്. 2009ല്‍ 35571 പേരായിരുന്നു. സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്രമല്ല എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂളുകളിലും കുട്ടികളുടെ എണ്ണത്തില്‍ കുറവ് കാണുന്നു. ഒരു ക്ളാസില്‍ കുറഞ്ഞത് 25 കുട്ടികള്‍ ഉണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ആ സ്കൂള്‍ ആദായകരമാണെന്ന് കണക്കാക്കൂ. ജില്ലയിലെ ആകെ 1243 സ്കൂളുകളില്‍ 287 എണ്ണം ഈ കണക്ക് പ്രകാരം ആദായകരമല്ലാതെ പ്രവര്‍ത്തിക്കുന്നവയാണ്. 183 സര്‍ക്കാര്‍ എല്‍.പി സ്കൂളില്‍ 80 എണ്ണവും 525 എയ്ഡഡ് എല്‍.പി സ്കൂളുകളില്‍ 176 എണ്ണവും ആദായകരമല്ലാത്തവയുടെ പട്ടികയിലാണ്. 11 സര്‍ക്കാര്‍ യു.പി സ്കൂളുകള്‍, 17 എയ്ഡഡ് യു.പി സ്കൂളുകള്‍, മൂന്നു സര്‍ക്കാര്‍ ഹൈസ്കൂള്‍ എന്നിവ അനാദായകരമെന്ന പട്ടികയില്‍പെടുന്നു. ആദായകരമല്ലാത്ത എല്‍.പി സ്കൂളുകളിലായി 10,146 കുട്ടികളും യു.പി സ്കൂളുകളില്‍ 1697 പേരും ഹൈസ്കൂളില്‍ 221 പേരും പഠിക്കുന്നു. 1462 അധ്യാപകര്‍ ആദായകരമല്ലാത്ത സ്കൂളുകളില്‍ പഠിപ്പിക്കുന്നുണ്ട്. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ ചെറുവണ്ണൂര്‍ എല്‍.പി സ്കൂള്‍ കുട്ടികളില്ലാത്തതിനാല്‍ അടച്ചുപൂട്ടിയിരുന്നു. ഇനി സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ സാധ്യത കുറവാണെന്നാണ് അധികൃതര്‍ പറയുന്നത്. സ്കൂള്‍ തുറക്കുന്നതിനു മുമ്പുതന്നെ 90 ശതമാനം സ്കൂളുകളിലും പുസ്തകവിതരണം നടത്തിക്കഴിഞ്ഞു. ജൂണ്‍ മാസത്തോടെ വിതരണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍ പി. അസൈന്‍ പറഞ്ഞു. യൂനിഫോം വിതരണത്തിനുള്ള എസ്.എസ്.എ ഫണ്ട് കിട്ടിയിട്ടുണ്ട്. ഇത് സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ളതാണ്. എയ്ഡഡ് സ്കൂളുകളില്‍ നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ്. അത് ഇതുവരെ ലഭിച്ചിട്ടില്ല. കഴിഞ്ഞതവണ സര്‍ക്കാര്‍ ഫണ്ട് വരുന്നത് കാത്തുനിന്നതാണ് യൂനിഫോം വിതരണം വൈകാനിടയാക്കിയത്. കഴിഞ്ഞതവണത്തെ യൂനിഫോം കൊടുത്തുതീര്‍ന്നതേയുള്ളൂ. ഇത്തവണയും എയ്ഡഡ് സ്കൂളുകളില്‍ യൂനിഫോം വരാന്‍ വൈകും. എന്നാല്‍, സര്‍ക്കാര്‍ സ്കൂളുകളിലേക്ക് ജൂണ്‍-ജൂലൈ മാസത്തോടെ കൊടുത്തുതീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.