‘ആഭ്യന്തരമന്ത്രി സംഘ്പരിവാറിന്‍െറ വക്താവാകരുത്’

കോഴിക്കോട്: അനാഥാലയങ്ങളിലേക്ക് വിദ്യാഭ്യാസത്തിന് കുട്ടികളെ കൊണ്ടുവരുന്നതിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച പ്രതിഷേധസംഗമം അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ഭാവി അനിശ്ചിതത്വത്തിലാക്കരുത് എന്ന വിഷയമുന്നയിച്ചായിരുന്നു സംഗമം. അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നതിലെ സാങ്കേതിക പ്രശ്നം വളച്ചൊടിച്ച് തീവ്രവാദത്തിന് കുട്ടികളെ റിക്രൂട്ട്ചെയ്യുകയാണ് എന്നുവരെ പ്രചാരണം നടക്കുകയാണ്. കേരളത്തിലെ അനാഥാലയങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ ദേശീയതലത്തില്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. അതിനെ അനുകൂലിക്കും വിധമാണ് ആഭ്യന്തരമന്ത്രി സംസാരിക്കുന്നതെന്ന് പ്രതിഷേധസംഗമം കുറ്റപ്പെടുത്തി. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു. ഉത്തരേന്ത്യയിലെ അനാഥക്കുട്ടികളുടെ മേല്‍ തീവ്രവാദ ചാപ്പ കുത്തരുതെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ ചില മാധ്യമങ്ങളുടെ വാര്‍ത്തകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. എം.ഇ.എസ് സെക്രട്ടറി പി.കെ. അബ്ദുല്‍ അസീസ്, എം.എസ്.എസ് ജില്ലാ സെക്രട്ടറി പി.പി. അബ്ദുറഹ്മാന്‍ , കെ.സി. അന്‍വര്‍, ഷമീര്‍ബാബു കൊടുവള്ളി എന്നിവര്‍ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രതിനിധിസഭ അംഗം സദറുദ്ദീന്‍ പുല്ലാളൂര്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.