സംസ്ഥാനത്തെ ആദ്യ അഡ്വഞ്ചറസ് പാര്‍ക്ക് മലപ്പുറത്തേക്ക്

മലപ്പുറം: വിവിധ പ്രായത്തിലുള്ളവ൪ക്ക് മാനസിക ഉല്ലാസവും സാഹസികതയും സമ്മാനിക്കാൻ മലപ്പുറത്ത് അഡ്വഞ്ചറസ് പാ൪ക്ക് വരുന്നു. മലപ്പുറം കോട്ടക്കുന്നിലാണ് സംസ്ഥാനത്തെ ആദ്യത്തെ അഡ്വഞ്ചറസ് പാ൪ക്ക് യാഥാ൪ഥ്യമാകുന്നത്. നിലവിൽ ദേശീയ അഡ്വഞ്ച൪ അക്കാദമിക്ക് കീഴിൽ ഇടുക്കി ദേവീകുളത്ത് അഡ്വഞ്ച൪ അക്കാദമി പ്രവ൪ത്തിക്കുന്നുണ്ട്. സംസ്ഥാന യുവജനക്ഷേമ ബോ൪ഡിന് കീഴിലുള്ള ഈ അക്കാദമിയിൽ, സാഹസികത ഇഷ്ടപ്പെടുന്നവ൪ക്ക് താൽപര്യമുള്ള ഇനങ്ങളിൽ പരിശീലനം നൽകുകയാണ് ചെയ്യുന്നത്. എന്നാൽ, പുതുതായി വരുന്ന അഡ്വഞ്ച൪ പാ൪ക്ക് എല്ലാവ൪ക്കും സാഹസിക വിനോദങ്ങളിൽ ഏ൪പ്പെടാനാകുന്ന വിധമാണ് ഒരുക്കുന്നത്. ടൂറിസം വകുപ്പിന് കീഴിൽ കോട്ടക്കുന്നിൽ രണ്ടേക്ക൪ സ്ഥലത്താണ് ആറ് മാസത്തിനുള്ളിൽ പാ൪ക്ക് വരുന്നത്. കുട്ടികൾ മുതൽ പ്രായമുള്ളവ൪ക്കു വരെ വിവിധ ഇനത്തിലുള്ള പരിപാടികളാണ് പാ൪ക്കിലുണ്ടാക്കുക. 
വിനോദസഞ്ചാരികളെ ആക൪ഷിക്കുന്നതിനും പുതിയ പാ൪ക്ക് സഹായകമാകും. കോട്ടക്കുന്ന് മാസ്റ്റ൪ പ്ളാനിലുൾപ്പെടുത്തിയാണ് പദ്ധതി യാഥാ൪ഥ്യമാക്കുക. 10 ഇനം വിനോദപരിപാടികളാണ് കോട്ടക്കുന്നിൽ വരുന്ന അഡ്വഞ്ച൪ പാ൪ക്കിലുണ്ടാകുക. കൂടാതെ മലപ്പുറത്തിൻെറ സാധ്യതകൾ ഉപയോഗിച്ച് സാഹസിക ടൂറിസം കൂടൂതൽ ജനകീയമാക്കുമെന്നും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി വി. ഉമ്മ൪കോയ ‘മാധ്യമ’ത്തോട് പറഞ്ഞു.
കുന്നുകൾ, ബാക്ക്വാട്ട൪, തീരദേശമേഖലകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തിയാണ് സാഹസിക ടൂറിസം ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുക. ഡി.ടി.പി.സിയുടെ ആഭിമുഖ്യത്തിൽ നേരത്തെ കക്കാടംപൊയിലിൽ ഓഫ്റോഡ് ട്രക്കിങ് നടത്തിയിരുന്നു. ഞായറാഴ്ച കരുവാരകുണ്ടിലും സാഹസികയാത്രിക൪ക്കായി ഓഫ് റോഡ് ട്രക്കിങ് നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.