ഹോട്ടലുകളിലും പഴക്കടകളിലും റെയ്ഡ്

കോട്ടയം: ഊര്‍ജിത ഭക്ഷ്യസുരക്ഷ വാരാചരണത്തിന്‍െറ ഭാഗമായി ഭക്ഷ്യസുരക്ഷ വിഭാഗം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് മേയ് 26 മുതല്‍ ജൂണ്‍ ഒന്ന് വരെ ഭക്ഷ്യസുരക്ഷ വാരം ആചരിക്കുന്നത്. ഇതിന്‍െറ ഭാഗമായി ഭക്ഷണശാലകളിലും പച്ചക്കറി-പഴക്കടകളിലും പരിശോധന, ബോധവത്കരണ ക്ളാസുകള്‍ എന്നിവയാണ് സംഘടിപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന പരാതികളില്‍ അന്നന്നുതന്നെ തീര്‍പ്പ് കല്‍പിക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. വൈക്കം, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്. വൈക്കത്ത് ഹോട്ടലുകളിലും പഴക്കടകളിലും തട്ടുകടകളിലുമായിരുന്നു റെയ്ഡ്. ഒരു പഴക്കടയില്‍നിന്ന് ഉപയോഗശൂന്യമായ 18 കിലോ മാമ്പഴം പിടിച്ചെടുത്ത് നശിപ്പിച്ചു. വൈക്കത്ത് മസാലകള്‍ പാക്ക് ചെയ്യുന്ന യൂനിറ്റിലും പരിശോധന നടന്നു. അസിസ്റ്റന്‍റ് ഭക്ഷ്യസുരക്ഷ കമീഷണര്‍ മുഹമ്മദ് റാഫി, ഭക്ഷ്യ സുരക്ഷ ഓഫിസര്‍ കെ.പി. രമേശ് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. ഏറ്റുമാനൂരില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു. ഇവിടെ നിന്ന് പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളിയിലെ മൂന്ന് ബേക്കറികളിലാണ് പരിശോധന നടന്നത്. ഇവിടങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്‍െറ നിലവാരം മോശമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഗുണനിലവാരമുള്ള വെള്ളം ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ച് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കി. വാരാചരണത്തിന്‍െറ ഭാഗമായി കഴിഞ്ഞദിവസങ്ങളില്‍ കോട്ടയം നഗരത്തിലെ പച്ചക്കറി വില്‍പ്പനശാലകളില്‍ പരിശോധന നടത്തുകയും ചില കടകളില്‍നിന്ന് സാമ്പിളുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.