ഭാര്യയെ കഴുത്തറുത്തുകൊന്നയാളെ വീട്ടിലെത്തിച്ച് തെളിവെടുത്തു

പുനലൂര്‍: ഗര്‍ഭിണിയായ ഭാര്യയെ കഴുത്തറുത്തുകൊന്ന ഭര്‍ത്താവിനെ കൊലപാതകം നടത്തിയ ഉദയഗിരിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കനത്ത പൊലീസ് കാവലില്‍ കൊണ്ടുവന്ന പ്രതിക്കുനേരെ കൈയേറ്റശ്രമമുണ്ടായി. ഇടമണ്‍ ഉദയഗിരി ചരുവുകാലായില്‍ വീട്ടില്‍ അബ്ദുല്‍ മജീദ്-സില്‍സാബീവി ദമ്പതികളുടെ ഏകമകള്‍ മാജിദാബീവിയെ (23) കൊലപ്പെടുത്തിയ ഭര്‍ത്താവ് കിളിമാനൂര്‍ പള്ളിക്കല്‍ തുമ്പോട് അറുകാഞ്ഞിരം മുബീന മന്‍സിലില്‍ ജാഫര്‍ഖാനെയാണ് (28) തെളിവെടുപ്പിന് കൊണ്ടുവന്നത്. കൃത്യം നടന്ന തിങ്കളാഴ്ചതന്നെ പിടിയിലായ പ്രതിയെ വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് ഉദയഗിരിയിലെ വീട്ടില്‍ കൊണ്ടുവന്നത്. തെളിവെടുപ്പിന് പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് വ്യാഴാഴ്ച രാവിലെ മുതല്‍തന്നെ ഉദയഗിരി ഭാഗത്ത് മാജിദയുടെ ബന്ധുക്കളും നാട്ടുകാരും തടിച്ചുകൂടിയിരുന്നു. പൊലീസ് പ്രതിയുമായി എത്തിയതോടെ ജനം രോഷാകുലരായി ജീപ്പിനടുത്തേക്ക് പാഞ്ഞടുത്തെങ്കിലും പൊലീസ് വലയംതീര്‍ത്ത് പ്രതിയെ വീട്ടിനുള്ളിലേക്ക് കയറ്റി. പ്രതിയുടെ രക്തംപുരണ്ട വസ്ത്രങ്ങളും മറ്റും ഇവിടെനിന്ന് പൊലീസ് കണ്ടെടുത്തു. കൊലക്ക് ഉപയോഗിച്ച കറിക്കത്തിയും മാജിദയുടെ രക്തം പുരണ്ട വസ്ത്രങ്ങളും ചൊവ്വാഴ്ച പൊലീസ് കണ്ടെടുത്തിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയെ ജീപ്പില്‍ കയറ്റുമ്പോഴും ജനങ്ങള്‍ രോഷാകുലരായി കൈയേറ്റത്തിന് ശ്രമിച്ചു. പ്രതിയുമായി പോകാന്‍ ഒരുങ്ങവേ ജീപ്പിന് മുന്നില്‍കയറി തടയാന്‍ ശ്രമിച്ച മാജിദയുടെ മാതാവിന്‍െറ പിതാവ് അബ്ദുല്‍ സമദിനെ പൊലീസ് പിടിച്ചുമാറ്റി. അന്വേഷണ ഉദ്യോഗസ്ഥനായ കുളത്തൂപ്പുഴ സി.ഐ എസ്. സജ്ജാദ്, തെന്മല എസ്.ഐ വി.പി. സുധീഷ്കുമാര്‍, കുളത്തൂപ്പുഴ എസ്.ഐ സുധീഷ്, എസ്.ഐ കബീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുത്തത്. വൈകുന്നേരം പുനലൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് ഒന്നാംകോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.