ആശുപത്രി മാലിന്യം ഓടയിലേക്ക്: നടപടിയെടുക്കുന്നില്ലെന്ന് പരാതി

മലപ്പുറം: ജില്ലാ സഹകരണ ആശുപത്രിയില്‍ നിന്നുള്ള മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കുന്ന സംഭവത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടിയെടുക്കുന്നില്ലെന്ന് ജില്ലാതല വിജിലന്‍സ് ആന്‍ഡ് മോണിറ്ററിങ് സമിതിയില്‍ പരാതി. ഇക്കാര്യത്തില്‍ ബോര്‍ഡിനോട് വിശദീകരണം തേടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വിഷയം പൊലീസിലും അറിയിക്കും. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് വിവരാവകാശപ്രവര്‍ത്തകന്‍ മണ്ണിശ്ശേരി കബീറാണ് പരാതി നല്‍കിയത്. ആശുപത്രിയിലെയും അനുബന്ധസ്ഥാപനങ്ങളായ നഴ്സിങ് സ്കൂള്‍, കാന്‍റീന്‍ തുടങ്ങിയവയിലെയും മലിനജലം പൊതുഓടയിലേക്കാണ് ഒഴുക്കിവിടുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. മലിനജല ട്രീറ്റ്മെന്‍റ് പ്ളാന്‍റ് നിര്‍മാണം അധികൃതര്‍ തുടങ്ങിയിരുന്നെങ്കിലും നിയമവിരുദ്ധമായതിനാല്‍ പാതി വഴിയില്‍ നിലച്ചിരിക്കുകയാണ്. നഗരസഭയുടെയോ ജില്ലാ ടൗണ്‍ പ്ളാനറുടെയോ അനുമതിയില്ലാതെയാണ് നിര്‍മാണം തുടങ്ങിയത്. മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നഗരസഭ ആശുപത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.