പെരുമ്പാറ കുടിവെള്ള വിതരണം രണ്ടുദിവസത്തിനുള്ളില്‍ പുന$സ്ഥാപിക്കും

മല്ലപ്പള്ളി: പെരുമ്പാറ കുടിവെള്ള വിതരണം രണ്ടുദിവസത്തിനുള്ളില്‍ പുന$സ്ഥാപിക്കാന്‍ നടപടിയായി. കഴിഞ്ഞദിവസം രാത്രിയിലാണ് പൂങ്കുറിഞ്ഞിയിലെ ലക്ഷം ലിറ്റര്‍ ശേഷിയുള്ള വാട്ടര്‍ ടാങ്ക് തകര്‍ന്നത്. 30 വര്‍ഷം മുമ്പ് കമീഷന്‍ ചെയ്ത വാട്ടര്‍ ടാങ്ക് തുടര്‍ച്ചയായ ക്ളോറിനേഷന്‍ മൂലമാണ് കമ്പികള്‍ ദ്രവിച്ച് തകര്‍ന്നത്. വിവരമറിഞ്ഞ് സ്ഥലം എം.എല്‍.എ രാജു എബ്രഹാം തിരുവല്ല വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയറുമായി ചര്‍ച്ച ചെയ്തതിനെ തുടര്‍ന്ന് ഉച്ചക്കുശേഷം എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്ത് സംയുക്ത പരിശോധന നടത്തി. വാട്ടര്‍ ടാങ്ക് താല്‍ക്കാലികമായി പുനരുദ്ധാരണം നടത്താന്‍ തീരുമാനിച്ചു. വെള്ളിയാഴ്ചക്കുമുമ്പ് പമ്പിങ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വാട്ടര്‍ ടാങ്കിന്‍െറ ഉള്‍വശം ഒരു മാസത്തിനുള്ളില്‍ കോണ്‍ക്രീറ്റിങ് നടത്തി ബലപ്പെടുത്തും. കോണ്‍ക്രീറ്റിങ് സമയത്ത് ജലവിതരണം മുടങ്ങാതിരിക്കാന്‍ വാട്ടര്‍ ടാങ്കിന്‍െറ സമീപം 10,000 ലിറ്റര്‍ ശേഷിയുള്ള രണ്ട് സിന്തറ്റിക് ടാങ്ക് സ്ഥാപിക്കും. ശാസ്താംകോയിക്കലില്‍നിന്ന് പമ്പ് ചെയ്യുന്ന വെള്ളം നേരെ സിന്തറ്റിക് ടാങ്കില്‍ എത്തിച്ച് താഴ്ന്ന പ്രദേശങ്ങളിലേക്കുള്ള ജലവിതരണ പൈപ്പുമായി ബന്ധിപ്പിക്കും. അറ്റകുറ്റപ്പണി തീരുന്നതുവരെ നിലവിലെ ടാങ്കില്‍നിന്ന് സിന്തറ്റിക് ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യാനും തീരുമാനിച്ചു. അടിയന്തര നിര്‍മാണത്തിന് ആവശ്യമായ ഫണ്ട് നല്‍കാമെന്ന് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ അശോക് സിങ് എം.എല്‍.എക്ക് ഉറപ്പുനല്‍കി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം. മധു, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സാബു എം. ജോണ്‍, മനോജ്, കോട്ടാങ്ങല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജോസഫ് ജോണ്‍, ബ്ളോക് അംഗം ബിനു ചന്ദ്രമോഹന്‍, വാര്‍ഡ് അംഗങ്ങളായ ബിനു ജോസഫ്, വി.ടി. ചാക്കോ, ഇ.പി. തങ്കപ്പന്‍, നവാസ്ഖാന്‍, സുജിത് പെരുമ്പാറ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.