വിദ്യാര്‍ഥികളെ സീറ്റില്‍ ഇരിക്കാന്‍ അനുവദിക്കാത്ത ബസുകള്‍ക്കെതിരെ നടപടി

കോട്ടയം: വിദ്യാര്‍ഥികളുടെ ബസ് യാത്ര കണ്‍സഷന്‍െറ കാലാവധിയും സമയപരിധിയും പരിഷ്കരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് അധികൃതര്‍ക്ക് കത്തയക്കാന്‍ അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.വി. സുഭാഷിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സ്റ്റുഡന്‍റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. നിലവില്‍ ജൂണ്‍ മുതല്‍ മാര്‍ച്ചുവരെ, രാവിലെ ഏഴുമുതല്‍ രാത്രി ഏഴു വരെയാണ് വിദ്യാര്‍ഥികള്‍ക്ക് യാത്രനിരക്കില്‍ ഇളവു നല്‍കുന്നത്. പല കോഴ്സുകളും ജൂണിനു മുമ്പ് ആരംഭിക്കുന്ന സാഹചര്യത്തില്‍ വര്‍ഷം മുഴുവന്‍ കണ്‍സഷന്‍ നല്‍കാന്‍ നടപടി വേണമെന്ന് യോഗത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ നേരത്തേ ക്ളാസ് ആരംഭിക്കുന്നതിനാല്‍ കണ്‍സഷന്‍ ദിവസം മുഴുവനും ലഭ്യമാക്കേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഇക്കാര്യങ്ങള്‍ വകുപ്പ് അധികൃതരെ അറിയിക്കാന്‍ യോഗം തീരുമാനിച്ചത്. പുതിയ കണ്‍സഷന്‍ കാര്‍ഡുകള്‍ ജൂലൈയില്‍ ലഭ്യമാക്കും. കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ ജില്ലയില്‍ എല്ലാ സ്ഥലങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറുന്ന ബസ് ജീവനക്കാര്‍ക്കെതിരെ റോഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പും പൊലീസും ചേര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കും. വ്യാജ കണ്‍സഷന്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം റോഡ് മുറിച്ചുകടക്കാനും ബസുകളില്‍ കയറാനും വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്‍റ്പൊലീസ് കേഡറ്റുകളുടെ സഹായം ലഭ്യമാക്കും. കൂടുതല്‍ ബസുള്ള റൂട്ടുകളില്‍ വിദ്യാര്‍ഥികള്‍ കൂട്ടമായി ഒന്നോ രണ്ടോ ബസുകളില്‍ കയറാതെ ബാച്ചുകളായി യാത്ര ചെയ്യുന്നതിനും പൊലീസ് കേഡറ്റുകളുടെ സഹായത്തോടെ ക്രമീകരണം ഏര്‍പ്പെടുത്തും. ജില്ലയിലെ ചില സ്വകാര്യ ബസ് സ്റ്റാന്‍ഡുകളില്‍ ബസുകള്‍ പുറപ്പെടുന്നതിന് അഞ്ചുമിനിറ്റ് മുമ്പുവരെ കയറാനും കയറിയാല്‍ സീറ്റില്‍ ഇരിക്കാനും ജീവനക്കാര്‍ വിദ്യാര്‍ഥികളെ അനുവദിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ അതത് പ്രദേശങ്ങളിലെ റോഡ് ട്രാന്‍സ് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ടി.ജെ. തോമസ് അറിയിച്ചു. ഡിവൈ.എസ്.പി. വി.അജിത്ത്, ബസുടമകളുടെയും വിദ്യാര്‍ഥി സംഘടനകളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.