നാടന്‍ബ്ളേഡിനെ വെല്ലുംവിധം ചിട്ടിക്കുറികള്‍ സജീവം

മഞ്ചേരി: ചിട്ടി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടും കുറിക്കമ്പനികളുടെ പ്രവര്‍ത്തനം നാടന്‍ ബ്ളേഡുകാരെ വെല്ലുന്ന രീതിയില്‍. രജിസ്റ്റര്‍ ചെയ്ത് നടത്തുന്നതായി അവകാശപ്പെടുന്ന ചിട്ടികളില്‍ ഇടപാടുകാര്‍ക്ക് പണം നല്‍കാന്‍ ബ്ളാങ്ക് ചെക്കുകളും മുദ്രപ്പത്രങ്ങളും തന്നെയാണ് ഉപയോഗിക്കുന്നത്. രണ്ടുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. 2012 ഏപ്രില്‍ 30ന് കേന്ദ്ര ചിട്ടിനിയമം പ്രാബല്യത്തില്‍ വന്നിട്ടും പഴയസ്ഥിതി തുടരുന്നത് പരിശോധനയും നടപടിയുമില്ലാത്തതിനാലാണ്. ചിട്ടികള്‍ വിളിച്ചെടുക്കുന്നവര്‍ സ്വന്തം പേരിലും രണ്ട് ജാമ്യക്കാരുടെ പേരിലുമായി ആറ് ബ്ളാങ്ക് ചെക്കുകളും ഇവരുടെ ഓരോരുത്തരുടെ പേരിലുമായി മൂന്ന് ബ്ളാങ്ക് മുദ്രപത്രങ്ങളും ഒപ്പിട്ട് നല്‍കണം. ചിട്ടി രജിസ്റ്റര്‍ ചെയ്തതിനോടൊപ്പം സബ് രജിസ്ട്രാര്‍ ഓഫിസര്‍ക്ക് മുദ്രപത്രത്തില്‍ തയാറാക്കിയ കരാര്‍ സമര്‍പ്പിക്കുന്നതിന്‍െറ മറവിലാണ് ഇവയത്രയും ഒപ്പിട്ടുവാങ്ങുന്നത്. രജിസ്റ്റര്‍ ചെയ്ത ചിട്ടിയില്‍ ചേര്‍ന്ന് പണമടക്കുന്നവര്‍ക്ക് ഇപ്രകാരം ചെക്കുകള്‍ നല്‍കേണ്ടിവന്നാല്‍ നിയമപരമായി ചോദ്യം ചെയ്യാം. ചെറിയ തുകയുടെ ചിട്ടി ഏതെങ്കിലും സബ്രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്തശേഷം വന്‍തുകയുടെ ചിട്ടി നടത്തുന്നവരും ഈ രംഗത്തുണ്ട്. പൊലീസും രജിസ്ട്രേഷന്‍ വിഭാഗവും മനസ്സുവെച്ചാല്‍ പിടികൂടാവുന്നതേയുള്ളൂ ഇത്. എന്നാല്‍, രജിസ്ട്രേഷന്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയുള്ളതിനാല്‍ ഇവയൊന്നും പിടിക്കപ്പെടാതെ പോവുകയാണ്. ബ്ളാങ്ക്ചെക്ക് ഒപ്പിട്ട് നല്‍കുന്നത് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ കുടുക്കാനാവുന്ന കെണിയാണെന്ന് അറിയാത്തവരാണ് ഇതില്‍ കുടുങ്ങുന്നത്. ബ്ളേഡ് സ്ഥാപനങ്ങളിലും വട്ടിപ്പലിശക്കാരുടെ ഓഫിസുകളിലും പരിശോധന നടത്തുന്ന പൊലീസ് ലക്ഷങ്ങളുടെ ഇടപാട് നടത്തുന്ന ചിട്ടി സ്ഥാപനങ്ങളില്‍ കാര്യമായി പരിശോധന നടത്തുന്നില്ല. ചിട്ടിയുടെ മറവില്‍ ബ്ളേഡ് വ്യവസായമാണ് നടക്കുന്നതെന്ന് ബ്ളാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും വീടിന്‍െറ പ്രമാണങ്ങളും നല്‍കി കുടുങ്ങിയവര്‍ പറയുന്നു. വയനാട് കേന്ദ്രീകരിച്ച് ചിട്ടി നടത്തുന്ന സ്ഥാപനത്തില്‍ ചേര്‍ന്ന് ഏതാനും ഗഡുക്കള്‍ അടച്ച മഞ്ചേരി സ്വദേശിയോട് ഇപ്രകാരം ബ്ളാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും താമസിക്കുന്ന വീടിന്‍െറ ആധാരവും വാങ്ങി. നിശ്ചിത തവണയായാല്‍ 15 ലക്ഷം രൂപ നല്‍കുമെന്ന് വിശ്വസിപ്പിച്ചവര്‍ പിന്നീട് 3.75 ലക്ഷം മാത്രം നല്‍കി. പണമൊന്നും വേണ്ടെന്നും അടച്ച തുകയും രേഖകളും അതിന്‍െറ പലിശയും മാത്രം നല്‍കിയാല്‍ മതിയെന്നും പറഞ്ഞതോടെ സ്വന്തം വീട് മറ്റൊരാള്‍ക്ക് വിറ്റെന്ന് കൃത്രിമരേഖയുണ്ടാക്കുകയും ഇതുവരെ കാണാത്ത ഒരാള്‍ക്ക് പണം നല്‍കാനുണ്ടെന്ന് കാണിച്ച് സ്ഥാപനം ഇദ്ദേഹത്തിനെതിരെ കേസ് നല്‍കുകയുമാണ് ചെയ്തത്. ഇത് ഇപ്പോള്‍ കോടതിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.