കെ.എസ്.ഇ.ബി. ജീവനക്കാരന്‍െറ ആത്മഹത്യ;പൊലീസിന്‍െറ വീഴ്ചയെന്ന് ആക്ഷേപം

വടകര: കൊള്ളപ്പലിശക്കാരന്‍െറ ഭീഷണിയെ തുടര്‍ന്ന്, കെ.എസ്.ഇ.ബി ജീവനക്കാരന്‍ ജീവനൊടുക്കിയത് പൊലീസിന്‍െറ വീഴ്ചയാലെന്ന് ആക്ഷേപം. പലിശക്ക് പണം വാങ്ങുമ്പോള്‍ നല്‍കിയ രേഖകള്‍ തിരികെ ലഭിക്കാന്‍ പയ്യോളി പൊലീസില്‍ പരാതി നല്‍കിയെങ്കിലും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയാറിയില്ല. ഈ സാഹചര്യത്തിലാണ് കെ.എസ്.ഇ.ബി വടകര നോര്‍ത് സെക്ഷനിലെ ലൈന്‍മാന്‍ മണിയൂര്‍ കൂമുള്ളി മീത്തല്‍ അനില്‍കുമാര്‍ (49) തൂങ്ങി മരിച്ചതെന്ന് സഹപ്രവര്‍ത്തകരും നാട്ടുകാരും പറയുന്നു. ഇരിങ്ങല്‍ കോട്ടക്കലിലെ മോഹന്‍ദാസ് എന്ന പലിശക്കാരനില്‍നിന്ന് മൂന്ന് ചെക് ലീഫിന്‍െറയും ബ്ളാങ്ക് മുദ്രപ്പത്രത്തിന്‍െറയും ജാമ്യത്തില്‍ 2002ല്‍ 70,000 രൂപയാണ് അനില്‍ കുമാര്‍ വാങ്ങിയത്. ഇതില്‍ മുതലും പലിശയുമായി 2,17,000 രൂപ കൊടുത്തു. ഇതിനുശേഷവും ചെക് ലീഫും മുദ്രപ്പത്രവും തിരികെ നല്‍കാന്‍ മോഹന്‍ദാസ് തയാറായില്ല. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ മധ്യസ്ഥശ്രമം നടത്തിയെങ്കിലും മോഹന്‍ദാസ് കുലുങ്ങിയില്ല. പരാതി നല്‍കാനെത്തിയ അനില്‍കുമാറിനെ പൊലീസ് ഭീഷണിപ്പെടുത്തുന്ന രീതിയില്‍ പെരുമാറിയതായി സുഹൃത്തുക്കള്‍ പറയുന്നു. കൊടുക്കാനുള്ള പണം കൊടുത്ത് വക്കീലിന്‍െറ കൈയില്‍നിന്ന് രേഖകള്‍ വാങ്ങി പോയ്ക്കൊള്ളണമെന്നാണത്രെ പൊലീസിന്‍െറ ഭീഷണി. നേരത്തേ, മധ്യസ്ഥര്‍ രേഖകള്‍ക്ക് ആവശ്യപ്പെട്ടപ്പോള്‍ തന്‍െറ കൈയില്‍ രേഖകളില്ലെന്ന് കാണിക്കാന്‍ ബ്ളേഡുകാരന്‍ മോഹന്‍ദാസ് പറഞ്ഞ നുണ പൊലീസ് ആവര്‍ത്തിക്കുകയായിരുന്നെന്നാണ് നാട്ടുകാരുടെ പക്ഷം. പലപ്പോഴും കെ.എസ്.ഇ.ബി ഓഫിസിലെത്തി ഭീഷണിപ്പെടുത്തുന്ന തരത്തില്‍ മോഹന്‍ദാസ് പെരുമാറിയിരുന്നു. ഇത്തരം നീക്കങ്ങളാണ് അനില്‍കുമാറിനെ മാനസികമായി തളര്‍ത്തിയതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. മോഹന്‍ദാസിന്‍െറ നേതൃത്വത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ഗുണ്ടാ സംഘത്തെ ഉപയോഗിച്ചതായും പരാതിയുണ്ട്. പൊലീസിന്‍െറയും മറ്റു ചില ഉന്നതരുടെയും ഒത്താശയോടെയാണ് മോഹന്‍ദാസിന്‍െറ പ്രവര്‍ത്തനമെന്നറിയുന്നു. പരാതി ലഭിച്ചയുടന്‍ മോഹന്‍ദാസിനെ ചോദ്യംചെയ്യുന്നതിന് പകരം ഫോണ്‍ ചെയ്യുക മാത്രമാണ് പയ്യോളി പൊലീസ് ചെയ്തത്. അനില്‍ കുമാര്‍ ആത്മഹത്യചെയ്ത വിവരം അറിഞ്ഞ് മോഹന്‍ദാസിന്‍െറ വീട് റെയ്ഡ് ചെയ്തെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പയ്യോളി പൊലീസ് പറയുന്നത്. എന്നാല്‍, ഇത് പൊലീസും മോഹന്‍ദാസും തമ്മിലുള്ള ഒത്തുകളിയാണെന്നാണ് ആക്ഷേപം. നേരത്തേ പയ്യോളി മേഖലയിലെ ചില ബ്ളേഡുകാരുടെ വീടുകളില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇത് നാട്ടുകാരില്‍ സംശയമുണ്ടാക്കി. പൊലീസുകാരില്‍ ചിലര്‍ തന്നെ പലിശക്കാരുടെ സഹായികളായി പലയിടത്തും പ്രവര്‍ത്തിക്കുന്നതിനാല്‍ പൊലീസ് നടത്തുന്ന കുബേര റെയ്ഡ് പ്രഹസനമാണെന്ന ആക്ഷേപം ശക്തമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.