കേരള വികസനം കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ ബി.ജെ.പിക്ക് നാലംഗ സമിതി

കോഴിക്കോട്: കേരളത്തിന്‍െറ വികസന ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ ബി.ജെ.പിക്ക് നാലംഗ സമിതി. എം.ടി രമേശ് കണ്‍വീനറായ സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉടന്‍ കാണും. കോഴിക്കോട്ട് നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള, സി.കെ പത്മനാഭന്‍, ജോര്‍ജ് കുര്യന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങളെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാറാട് കൂട്ടക്കൊല, ടി.പി. ചന്ദ്രശേഖരന്‍, കെ.ടി. ജയകൃഷ്ണന്‍ കൊലകള്‍ എന്നിവ സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംഘം മുഖ്യമന്ത്രിയെയും കാണും. സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാറിനേ കഴിയൂവെന്നതിനാലാണിത്. ആറന്മുള വിമാനത്താവളത്തിന്‍െറ പരിസ്ഥിതികാനുമതി റദ്ദാക്കിയ ഹരിത ട്രൈബ്യൂണലിന്‍െറ നടപടി പാര്‍ട്ടി സ്വാഗതംചെയ്തു. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനേറ്റ തിരിച്ചടിയാണിത്. വിമാനത്താവള പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാറിന്‍െറ തുടക്കം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സംസ്ഥാനത്തെ 20 കേന്ദ്രങ്ങളില്‍ സമ്മേളനങ്ങള്‍ നടത്തും. പശ്ചിമ ഘട്ട സംരക്ഷണത്തിന് കസ്തൂരി റിപ്പോര്‍ട്ടിനെ അപേക്ഷിച്ച് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് നല്ലതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. സംസ്ഥാനത്ത് ബി.ജെ.പിക്ക് മുന്നേറ്റമുണ്ടായപ്പോള്‍ സി.പി.എമ്മിന് ദോഷമായെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷമായ സി.പി.എമ്മില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതാണ് കോണ്‍ഗ്രസിന്‍െറ നേട്ടത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ക്ക് ലഭിക്കേണ്ട കേന്ദ്ര പദവികള്‍ തീരുമാനിക്കുന്നതിന് എ.എന്‍. രാധാകൃഷ്ണന്‍, കെ. സുരേന്ദ്രന്‍, കെ.പി. ശ്രീശന്‍ എന്നിവരുള്‍പ്പെടുന്ന സമിതിക്കും രൂപം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.