കിഴക്കേകോട്ടയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള പഠനറിപ്പോര്‍ട്ട് ട്രിഡ മുക്കി

തിരുവനന്തപുരം: കിഴക്കേകോട്ടയിലെ ഗതാഗത പരിഷ്കരണത്തിനും അപകടങ്ങള്‍ കുറക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിലധിഷ്ഠിതമായി ട്രീവാക്ക് തയാറാക്കി നല്‍കിയ പഠനറിപ്പോര്‍ട്ട് ട്രിഡ മുക്കി. അട്ടക്കുളങ്ങര സ്കൂളിലെ പൈതൃക കെട്ടിടവും മരങ്ങളും സംരക്ഷിക്കുന്ന തരത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് സാധ്യതാപഠനത്തിന് പോലും വിധേയമാക്കാതെ അധികൃതര്‍ ഒഴിവാക്കിയത്. സ്കൂള്‍ ഇടിച്ചുനിരത്തി വാണിജ്യസമുച്ചയവും ബസ് ടെര്‍മിനലും പണിയാനുള്ള വ്യഗ്രതയാണ് ഇതിന് പിന്നിലെന്ന് പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നു. മരങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ ട്രീവാക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുക്കാന്‍ ഉന്നത ഇടപെടല്‍ നടന്നതായി അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്കൂള്‍ സംരക്ഷണ സമിതിയും ആരോപിക്കുന്നു. കെ.എസ്.ആര്‍.ടി.സി യുടെ ഫ്യുവല്‍ ഫില്ലിങ്സ്റ്റേഷനില്‍ ബസ് ടെര്‍മിനല്‍ പണിയാനാണ് ട്രീവാക്ക് നിര്‍ദേശിക്കുന്നത്. ഇവിടെ 20 മുതല്‍ 22 ബസുകള്‍ വരെ നിര്‍ത്തിയിടാനുള്ള സൗകര്യമുണ്ട്. ടെര്‍മിനലിന് നടുക്കായി വാണിജ്യസമുച്ചയം പണിതാല്‍ തകരപ്പറമ്പ് മേല്‍പ്പാലം വരുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന കച്ചവടക്കാരെ പുനരധിവസിപ്പിക്കാം. മറ്റ് കച്ചവടക്കാരെയും ഉള്‍പ്പെടുത്താനാകും. പഴവങ്ങാടി, പുത്തരിക്കണ്ടം, ഗാന്ധിപാര്‍ക്ക് ഭാഗങ്ങളില്‍ നിന്ന് പുതിയ ടെര്‍മിനലിലേക്ക് സ്കൈവാക്ക് നിര്‍മിച്ചാല്‍ യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ സൗകര്യപ്രദമാകും. ഇതിന് ചെലവും കുറവാണ്. ഇതിലൂടെ റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ഫ്യുവല്‍ സ്റ്റേഷനെ എരുമക്കുഴിയിലെ കെ.എസ്.ആര്‍.ടി.സി വക വസ്തുവിലേക്ക് മാറ്റാം. ബസുകളുടെ രാത്രികാല പാര്‍ക്കിങ്ങിനും ഇവിടെ സൗകര്യമുണ്ട്. ഈഞ്ചക്കല്‍ ഭാഗത്തേക്കുള്ള ബസുകള്‍ക്ക് പട്ടം താണുപിള്ള പാര്‍ക്കിന് സമീപം (ആര്‍.ടി.ഓഫിസിനടുത്ത്) പ്രത്യേക ബസ് ബേ നിര്‍മിക്കാം. തുടങ്ങിയവയായിരുന്നു പ്രധാന നിര്‍ദേശങ്ങള്‍. അട്ടക്കുളങ്ങര സ്കൂള്‍ ഇടിച്ചുനിരത്തി ടെര്‍മിനല്‍ പണിതാല്‍ ഗതാഗത കുരുക്കിന് പരിഹാരം കാണാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്കൂളിനോട് ചേര്‍ന്ന് ടെര്‍മിനല്‍ പണിയുന്നത് വിദ്യാര്‍ഥികളുടെ ജീവനും ഭീഷണിയാകും. ഗൂഗ്ള്‍ മാപ്പിന്‍െറ സഹായത്തോടെ തയാറാക്കിയ ബദല്‍ നിര്‍ദേശ റിപ്പോര്‍ട്ടുമായി ട്രീവാക്ക് പ്രവര്‍ത്തകര്‍ ട്രിഡ ചെയര്‍മാനെ ഫെബ്രുവരിയില്‍ കണ്ടിരുന്നു. എന്നാല്‍ ചെയര്‍മാന്‍െറ ഭാഗത്തുനിന്ന് തുടര്‍നടപടികള്‍ ഉണ്ടായില്ല. റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് ഗവര്‍ണര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍, മേയര്‍, ചീഫ് ടൗണ്‍ പ്ളാനിങ് ഓഫിസര്‍ എന്നിവര്‍ക്ക് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പരിസ്ഥിതിയെ സംരക്ഷിക്കുമെന്ന് നാടുനീളെ പ്രസംഗിക്കുന്ന നേതാക്കന്മാര്‍ സ്കൂളും മരങ്ങളും വെട്ടിനിരത്തിയുള്ള വികസനവുമായി മുന്നോട്ട് പോകുന്നതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.