തൊടുപുഴ: ഭരണച്ചുമതല ഏല്‍ക്കുംമുമ്പേ പ്രഗല്ഭനായ ഭരണാധികാരിയാണ് താനെന്ന് നരേന്ദ്രമോദി തെളിയിച്ചതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സാര്‍ക്ക് രാജ്യങ്ങളിലെ മുഴുവന്‍ ഭരണാധികാരികളെയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുപ്പിച്ച് മോദി ആദ്യഗോള്‍ നേടിയതായി അദ്ദേഹം പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂനിയന്‍െറ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശ്രീനാരായണ വൈദികസമിതി സംഘടിപ്പിച്ച ലക്ഷാര്‍ച്ചനയുടെ സമര്‍പ്പണവും നിര്‍വഹിക്കുകയായിരുന്നു വെള്ളാപ്പള്ളി. നരേന്ദ്രമോദിക്ക് ഗോളടിക്കാന്‍ അവസരം നല്‍കിയത് മുന്‍ സര്‍ക്കാറിന്‍െറ കെടുകാര്യസ്ഥതയാണ്. ഗ്യാസിന്‍െറയും നിത്യോപയോഗ വസ്തുക്കളുടെയും വിലക്കയറ്റം മൂലം പൊറുതിമുട്ടിയ ജനങ്ങളാണ് മോദിയെ വിജയിപ്പിച്ചത്. ഭരണാധികാരികളുടെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ ഭൂരിപക്ഷ സമുദായങ്ങള്‍ പ്രതികരിച്ചതാണ് ബി.ജെ.പിക്ക് സംസ്ഥാനത്ത് കൂടുതല്‍ വോട്ട് കിട്ടാന്‍ കാരണം. മതാധിപത്യത്തിനെതിരെ പ്രതികരിക്കുകയാണ് ഇടുക്കിയില്‍ യോഗം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇരുപത് കോടിയുടെ മൈക്രോ ഫിനാന്‍സ് വിതരണം, ഗുരുനാരായണ കോളജ് ഒഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസ് ഫണ്ട് സമാഹരണം, 101 ഓട്ടോകള്‍, 101 ഇരുചക്രവാഹന വിതരണം എന്നിവയുടെ ഉദ്ഘാടനവും വെള്ളാപ്പള്ളി നിര്‍വഹിച്ചു. സമ്മേളനത്തില്‍ തൊടുപുഴ യൂനിയന്‍ പ്രസിഡന്‍റ് അഡ്വ. എസ്. പ്രവീണ്‍ അധ്യക്ഷത വഹിച്ചു. എസ്.എന്‍ ട്രസ്റ്റ് ഡയറക്ടര്‍ പ്രീതി നടേശന്‍ ഭദ്രദീപപ്രകാശനം നടത്തി. വൈദികസമിതി സംസ്ഥാന രക്ഷാധികാരി ഡോ. കാര്യമാത്ര വിജയന്‍ തന്ത്രി വൈദിക സന്ദേശം നല്‍കി. വൈദികസമിതി സര്‍ട്ടിഫിക്കറ്റുകള്‍ അടിമാലി യൂനിയന്‍ പ്രസിഡന്‍റും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ അനില്‍ തറനിലം വിതരണം ചെയ്തു. ഐഡന്‍റിറ്റി കാര്‍ഡ് വിതരണം സമിതി സംസ്ഥാന ചെയര്‍മാന്‍ ജിതിന്‍ ഗോപാലന്‍ തന്ത്രി നിര്‍വഹിച്ചു. യോഗം കൗണ്‍സിലര്‍ കെ.ഡി. രമേശ്, മീനച്ചില്‍ യൂനിയന്‍ സെക്രട്ടറി അഡ്വ. കെ.എം. സന്തോഷ് കുമാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ യൂനിയന്‍ സെക്രട്ടറി പി.എസ്. സിനിമോന്‍ മുതിര്‍ന്ന വൈദികരെ ആദരിച്ചു. വൈദിക സമ്പാദ്യപദ്ധതി യൂനിയന്‍ വൈസ് പ്രസിഡന്‍റ് ഡി. ബോസ് ഉദ്ഘാടനം ചെയ്തു. 101 വിദ്യാര്‍ഥികള്‍ക്കുള്ള പഠനസഹായ വിതരണം സമിതി രക്ഷാധികാരി എം.എന്‍. രവി മാന്തളിരുംപാറ നിര്‍വഹിച്ചു. എസ്.എസ്.എല്‍.സി സ്കോളര്‍ഷിപ് മത്തോനത്ത് ഗ്രൂപ്പിലെ ദിലീപ് മഡോണയും പ്ളസ് ടു സ്കോളര്‍ഷിപ് പരിശുദ്ധം ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ കെ.കെ. രാജമ്മയും ചികിത്സസഹായം അനിമോന്‍ നന്ദനവും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.