പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ സ്വകാര്യ പെട്രോള്‍ പമ്പില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കാനില്‍ ഇന്ധനം നല്‍കാതിരുന്നത് പ്രകോപനത്തിനിടയാക്കി. വാഹനങ്ങളിലല്ലാതെ ഇന്ധനം നല്‍കരുതെന്ന് പൊലീസ് നിര്‍ദേശമുണ്ടെന്നറിയിച്ചാണ് മത്സ്യബന്ധനത്തിന് ഇന്ധനം നല്‍കാതിരുന്നത്. ഇതോടെ നാട്ടുകാര്‍ പ്രകോപിതരായി. പൊലീസ് സ്ഥലത്തെത്തിയതോടെ പൊലീസ് വണ്ടിക്ക് മുമ്പില്‍ തടിച്ചുകൂടുകയും കടലുണ്ടി-കോഴിക്കോട് റോഡ് ഉപരോധിക്കുകയും ചെയ്തു. ഇതുവഴി ഈ സമയം കടന്നുപോയ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഋഷിരാജ് സിങ്ങിനെയും നാട്ടുകാര്‍ ആളറിയാതെ തടഞ്ഞു. ട്രാന്‍സ്പോര്‍ട്ട് കമീഷണറാണെന്നറിഞ്ഞതോടെ നാട്ടുകാര്‍ പരാതിയുടെ കെട്ടഴിച്ചു. കമീഷണര്‍ പരിഹാരം ഉറപ്പുനല്‍കിയാണ് പോയത്. അതേസമയം, പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഈയിടെയുണ്ടായ പെട്രോള്‍ ബോംബ് വര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ ബോട്ടിലുകളില്‍ ഇന്ധനം വാങ്ങാനെത്തുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചുവെക്കണമെന്നും കുപ്പിയില്‍ പെട്രോള്‍ നല്‍കരുതെന്നും മാത്രമാണ് പമ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴിലിനാവശ്യമായ വലിയ കാനുകളില്‍ പതിവായി നല്‍കുന്ന ഇന്ധനം തടയാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടില്ലെന്നും എസ്.ഐ അനില്‍കുമാര്‍ മേപ്പിള്ളി ‘മാധ്യമ’ത്തോട് പറഞ്ഞു. പൊലീസ് നിര്‍ദേശത്തെ തെറ്റായി വ്യാഖ്യാനിച്ച് മത്സ്യത്തൊഴിലാളികളെ പമ്പ് ഉടമ അനാവശ്യമായി പ്രകോപിപ്പിക്കുകയാണ് ഉണ്ടായതെന്നും പൊലീസ് വിശദമാക്കി. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. എട്ടരയോടെ ഇതുവഴി വന്ന മന്ത്രി പി.കെ. അബ്ദുറബ്ബ് പമ്പില്‍ കയറി മത്സ്യത്തൊഴിലാളികള്‍ക്ക് ഇന്ധനം അടിച്ചുനല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും എസ്.ഐ സ്ഥലത്തെത്താതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. സി.ഐ റാഫിയുടെ നേതൃത്വത്തില്‍ പൊലീസെത്തിയതോടെ നാട്ടുകാര്‍ പിരിഞ്ഞുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.