കല്‍പറ്റ: ബൈപാസ് റോഡ് തുറക്കുന്നതോടെ കല്‍പറ്റ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന കാത്തിരിപ്പ് വെറുതെയായി. ബൈപാസ് റോഡ് നോക്കുകുത്തിയാക്കി ചരക്കുവാഹനങ്ങളടക്കം തിരക്കേറിയ നഗരവഴികളിലൂടെ യാത്ര തുടരുമ്പോള്‍ കുരുക്കിന് അവസാനമാകുന്നില്ല. ടൗണില്‍ കനറാ ബാങ്ക് മുതല്‍ പുതിയ സ്റ്റാന്‍ഡ് വരെയുള്ള രണ്ടു കിലോമീറ്ററിലധികം ദൂരം വാഹനങ്ങള്‍ പഴയതുപോലെ ഇഴഞ്ഞുനീങ്ങുകയാണ്. ചരക്കുവാഹനങ്ങള്‍ ബൈപാസിലൂടെ പോകണമെന്നാണ് നിര്‍ദേശം. ബൈപാസിന്‍െറ ഇരുതലക്കലും ഈ നിര്‍ദേശമടങ്ങിയ ബോര്‍ഡുകളുമുണ്ട്. എന്നാല്‍, അന്യസംസ്ഥാന ലോറികളടക്കം നഗരത്തിരക്കിലൂടെയേ യാത്രചെയ്യൂവെന്ന ശാഠ്യത്തിലാണ്. തമിഴിലും കന്നഡയിലുമുള്ള അറിയിപ്പിന്‍െറ അഭാവം അതിനു കാരണമാകുന്നുണ്ട്. ചരക്കു വാഹനങ്ങളുടെ അതിക്രമിച്ചുള്ള യാത്രക്ക് കടിഞ്ഞാണിടേണ്ട പൊലീസാവട്ടെ, ഞങ്ങളൊന്നുമറിഞ്ഞിട്ടില്ലെന്ന മട്ടില്‍ കണ്ണടക്കുന്നു. കൈനാട്ടിയില്‍ ബൈപാസ് ജങ്ഷനില്‍ രാവിലെ അല്‍പസമയം മാത്രമാണ് പൊലീസുകാരുടെ സേവനമുള്ളത്. ആ സമയത്ത് ചരക്കു വാഹനങ്ങളെ അവര്‍ ബൈപാസിലൂടെ ഗതിതിരിച്ചുവിടുമെങ്കിലും പൊലീസുകാര്‍ പോകുന്നതോടെ വീണ്ടും അവ മെയിന്‍ റോഡിനെ ആശ്രയിക്കും. മെയിന്‍ റോഡില്‍ അനുഭവപ്പെടുന്ന വാഹനങ്ങളുടെ തിക്കുംതിരക്കും ഒഴിവാക്കാന്‍ ബൈപാസ് റോഡ് ഫലപ്രദമായി ഉപയോഗപ്പെടുത്തിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.