സുല്‍ത്താന്‍ ബത്തേരി: ബ്ളേഡ് മാഫിയ സമാന്തര ഭരണം നടത്തുന്ന വയനാട്ടില്‍ ‘ഓപറേഷന്‍ കുബേര’ നടപടികള്‍ പ്രഹസനമായി. ഗ്രാമനഗര ഭേദമന്യേ ബ്ളേഡ് സംഘങ്ങളും സ്ഥാപനങ്ങളും പിടിമുറുക്കിയിട്ടുണ്ടെങ്കിലും ‘കുബേരന്‍ റെയ്ഡു’കള്‍ ജില്ലയില്‍ നാമമാത്രമായാണ് നടന്നത്. പൊലീസ് വകുപ്പില്‍നിന്നടക്കം ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കണ്ണികളായതാണ് നടപടികള്‍ക്ക് തടസ്സം. ബ്ളേഡില്‍ കുടുങ്ങി കിടപ്പാടം നഷ്ടപ്പെട്ട് വഴിയാധാരമായ നൂറുകണക്കിന് കുടുംബങ്ങള്‍ വയനാട്ടിലുണ്ട്. കൃഷിക്കുവേണ്ടി ബ്ളേഡില്‍നിന്ന് വായ്പയെടുത്ത് ജീവിതം തുലഞ്ഞ കര്‍ഷകര്‍ അനവധി. കൊള്ളപ്പലിശക്കാരില്‍നിന്ന് കടമെടുത്ത് അവസാനം തിരിച്ചടവ് മുടങ്ങി സ്ഥാപനങ്ങള്‍ അന്യാധീനപ്പെട്ട വ്യാപാരികളും ഏറെയാണ്. ജില്ലയിലുടനീളം ബ്ളേഡ് പ്രമാണിമാര്‍ പരസ്യമായി അനധികൃത പണമിടപാട് നടത്തുകയും ഗുണ്ടാസംഘങ്ങളെ അഴിച്ചുവിട്ട് ഇടപാടുകാരെ ഭീഷണിപ്പെടുത്തി അടിമപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പരാതികള്‍ നിരവധിയുണ്ടെങ്കിലും അന്വേഷണമോ, നടപടികളോ ഇല്ല. മാനക്കേട് ഭയന്ന് പലരും മിണ്ടാതിരിക്കുകയാണ്. കൊള്ളപ്പലിശയിലൂടെ ബ്ളേഡ് മാഫിയ ജനങ്ങളുടെ കഴുത്തറുക്കുന്നതിന് ഉദാഹരണങ്ങളേറെയാണെങ്കിലും നിയമപാലകര്‍ നിഷ്ക്രിയരാണ്. ലക്ഷപ്രഭുവായിരുന്ന അഡ്വക്കറ്റ് ബ്ളേഡില്‍ കുടുങ്ങി സ്വന്തം വൃക്ക വില്‍ക്കേണ്ടിവന്ന സംഭവം മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. മുതലും പലിശയും പലിശക്കുപലിശയും അടച്ചുതീര്‍ത്തിട്ടും വസ്തുവിന്‍െറ ആധാരങ്ങള്‍ കൈയില്‍വെച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും അവസാനം സ്വന്തം വീട്ടിനുള്ളില്‍ ഭാര്യക്കും മക്കള്‍ക്കും പോലും വധഭീഷണി ഉയരുകയും ചെയ്തപ്പോള്‍ വിവരങ്ങള്‍ എഴുതിവെച്ച് നെന്മേനിയിലെ കര്‍ഷകന്‍ ജീവനൊടുക്കുകയായിരുന്നു. നീതിതേടി സമരം ചെയ്ത നാട്ടുകാരെ കേസില്‍ കുടുക്കിയെങ്കിലും ബ്ളേഡുകാരനെതിരെ ശക്തമായ നടപടിയെടുക്കാന്‍ നീതിപാലകര്‍ തയാറായില്ല. സാധാരണക്കാര്‍ക്ക് ചെറുകിട വായ്പകള്‍ തരപ്പെടുത്താന്‍ രൂപവത്കരിച്ച സഹകരണ ബാങ്കുകളും സംഘങ്ങളും രാഷ്ട്രീയക്കാര്‍ കൈപ്പിടിയിലൊതുക്കി. സഹകരണ സംഘങ്ങളിലെ ജീവനക്കാരടക്കം ബ്ളേഡ് മാഫിയയുമായി ഒത്തുകളിക്കുന്നുവെന്ന പരാതി വ്യാപകമാണ്. ബാങ്കിലേക്കുള്ള കലക്ഷനൊപ്പം ബ്ളേഡ് പിരിവുനടത്തുന്ന കലക്ഷന്‍ ഏജന്‍റുമാരുണ്ട്. സാധാരണക്കാര്‍ക്ക് ആശ്രയിക്കാന്‍ കഴിയാത്ത നിലയിലാണ് ഇന്ന് സഹകരണ സ്ഥാപനങ്ങള്‍. പലിശ മാഫിയയുടെ ചൂഷണത്തില്‍ ഏറ്റവുമധികം വീര്‍പ്പുമുട്ടുന്ന ജില്ലയാണ് വയനാട്. പക്ഷേ, ഓപറേഷന്‍ കുബേര പോലെയുള്ള സര്‍ക്കാര്‍ നടപടികള്‍ പോലും ജില്ലയിലെ ബ്ളേഡുകാര്‍ക്ക് മുമ്പില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.