ഇംഗ്ളീഷ് മീഡിയവും; മലാപ്പറമ്പ് എ.യു.പിയില്‍ പരിഷ്കരണ കാലം

കോഴിക്കോട്: ഇംഗ്ളീഷ് മീഡിയത്തിന്‍െറ കുറവ് പരിഹരിച്ച് മലാപ്പറമ്പ് എ.യു.പി സ്കൂള്‍ ‘തിരിച്ചറിവിന്‍െറ’ പാതയില്‍. പുതിയ അധ്യയനവര്‍ഷം മുതല്‍ ഇംഗ്ളീഷ് മീഡിയം എല്‍.കെ.ജി ക്ളാസുകള്‍ മലാപ്പറമ്പ് എ.യു.പിയിലും തുടങ്ങും. ഇംഗ്ളീഷ് മീഡിയം ഇല്ലാത്തതിന്‍െറ കുറച്ചില്‍ പരിഹരിക്കുകയാണ് ലക്ഷ്യം. നിലനില്‍പിന് ഇംഗ്ളീഷ് മീഡിയമെങ്കില്‍ അതാവട്ടെയെന്നാണ് പി.ടി.എയുടെ തീരുമാനം. ഭാവിയില്‍ ഒന്ന്, രണ്ട് ക്ളാസുകളിലും ഇംഗ്ളീഷ് ഡിവിഷനുകള്‍ ആരംഭിക്കും. അടച്ചുപൂട്ടല്‍ ഭീഷണി ഒഴിഞ്ഞതോടെ പുതിയ വഴികള്‍ തേടുകയാണ് അധ്യാപകരും രക്ഷിതാക്കളും. 53പേര്‍ മാത്രമുള്ള യു.പി സ്കൂള്‍ നിലവിലെ അധ്യയനവര്‍ഷത്തോടെ അടച്ചുപൂട്ടാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്. പ്രതിഷേധം ഉണ്ടായതോടെ കഴിഞ്ഞ മന്ത്രിസഭാ യോഗം ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഒന്നുമുതല്‍ ഏഴുവരെ ക്ളാസുകളില്‍ 175 പേരെങ്കിലും ഇല്ലെങ്കില്‍ ലാഭകരമല്ലാത്ത പട്ടികയില്‍ സ്കൂള്‍ ഉള്‍പ്പെടും. ജില്ലയില്‍ 444 സ്കൂളുകളാണ് ഈ പട്ടികയില്‍ ഉള്ളത്. അനുദിനം വിദ്യാര്‍ഥികള്‍ കുറയുന്നുവെന്ന് കാണിച്ചാണ് സ്കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് മാനേജര്‍ സമ്പാദിച്ചത്.ഉത്തരവിന്‍െറ ബലത്തില്‍ മാനേജര്‍ സ്കൂള്‍ തകര്‍ത്തതോടെയാണ് പൊതുജന ഇടപെടലുണ്ടായത്. എ. പ്രദീപ്കുമാറിന്‍െറ നേതൃത്വത്തില്‍ നടക്കാവ് സ്കൂളിന്‍െറ മാതൃകയില്‍ സ്കൂളിനെ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പുനര്‍നിര്‍മിച്ച സ്കൂളിന്‍െറ മിക്ക ജോലികളും ഇതിനകം പൂര്‍ത്തിയായി. തറയില്‍ ടൈല്‍ പതിക്കുന്ന ജോലികളാണ് ഇനി ശേഷിക്കുന്നത്. മൈതാന നവീകരണവും ആരംഭിച്ചിട്ടുണ്ട്. അതിനിടെ, പുതിയ അധ്യയനവര്‍ഷം സ്കൂളില്‍ കൂടുതല്‍ പേര്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇതിനകം 14 പേര്‍ ഒന്നാം ക്ളാസ് പ്രവേശത്തിനായി അപേക്ഷാഫോറം വാങ്ങിയിട്ടുണ്ട്. സ്കൂളിന്‍െറ നവീകരണം വിദ്യാര്‍ഥികളെ അടുപ്പിക്കുമെന്നാണ് പി.ടി.എയുടെ പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.