കോഴിക്കോട്: പാവമണി റോഡില്‍ സിറ്റി പൊലീസ് കമീഷണര്‍ ഓഫിസിന് തൊട്ടുമുന്നില്‍ സര്‍ക്കാര്‍ ചെലവില്‍ സാമൂഹിക വിരുദ്ധരുടെ താവളം. മാനാഞ്ചിറ മേഖലാ പബ്ളിക് ഹെല്‍ത്ത് ലാബ് പ്രവര്‍ത്തിച്ച കെട്ടിടമാണ് പരിസരവാസികള്‍ക്ക് ഭീഷണിയായത്. പഴയ ഗവ. ജനറല്‍ ആശുപത്രിയും മറ്റും പ്രവര്‍ത്തിച്ച കെട്ടിടം കാലപ്പഴക്കം കാരണം തകര്‍ന്നതോടെ ബീച്ച് ആശുപത്രി കെട്ടിടത്തിലേക്ക് ലാബ് പ്രവര്‍ത്തനം മാറ്റുകയായിരുന്നു. ലാബ് കെട്ടിടം പണിക്കുള്ള സൈറ്റ് എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ട് മാസങ്ങളായെങ്കിലും പണിയൊന്നും തുടങ്ങിയിട്ടില്ല. പകല്‍ പോലും ആരും കയറാന്‍ പറ്റാത വിധം കാട് മൂടിക്കിടക്കുകയാണ് ഒരേക്കറോളം വരുന്ന പറമ്പ്. കമീഷണര്‍ ഓഫിസും പൊലീസ് ക്ളബുമെല്ലാം തൊട്ടടുത്തു തന്നെയുണ്ടെങ്കിലും ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമാണിന്ന്. സാധാരണക്കാര്‍ ആരും തന്നെ ഈ പരിസരത്തേക്ക് തിരിഞ്ഞു നോക്കില്ല. കെട്ടിടത്തിന്‍െറ തറയില്‍ വീണുകിടക്കുന്ന മദ്യക്കുപ്പികളും സിഗരറ്റ് പാക്കറ്റും തീപ്പെട്ടിക്കവറുമെല്ലാം സ്ഥിരമായി ആളുകള്‍ എത്താറുണ്ടെന്ന് വ്യക്തമാക്കുന്നു. വാതിലുകളെല്ലാം ചിതലരിച്ച് വീണ് പോയതിനാല്‍ ആര്‍ക്ക് വേണമെങ്കിലും ഉള്ളില്‍ കടക്കാം. സ്വിച്ച് ബോര്‍ഡുകളും ഫാനുകളുമെല്ലാം തകര്‍ത്ത നിലയിലാണ്. അവശിഷ്ടങ്ങള്‍ കാണാമെങ്കിലും പലതും അപ്രത്യക്ഷമായിരിക്കുന്നു. ടോയ്ലറ്റും വാഷ്ബെയ്സനും ജനല്‍ പൊളികള്‍ തുടങ്ങി തകര്‍ക്കാന്‍ പറ്റുന്നതെല്ലാം തകര്‍ത്തു. കേരളത്തിലെ മൂന്ന് മേഖലാ ലബോറട്ടറികളില്‍ ഒന്നായ കോഴിക്കോട് പബ്ളിക് ലബോറട്ടറി ഏറെ കാലത്തെ മുറവിളിക്കൊടുവിലാണ് രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് പൊളിഞ്ഞ് വീഴാറായ ഈ കെട്ടിടത്തില്‍നിന്ന് മാറ്റിയത്. ആരോഗ്യ വകുപ്പിനു കീഴിലെ വിവിധ ഓഫിസുകളും ലാബുകളും ടെലിമെഡിസിന്‍ സെന്‍ററും കോണ്‍ഫറന്‍സ് ഹാളുകളുമെല്ലാം ചേര്‍ന്ന വിശാല സമുച്ചയമാക്കി കെട്ടിടം മാറ്റാനുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും പ്രവര്‍ത്തികമാക്കാന്‍ സാധിച്ചില്ല. ഏറെ സ്ഥലസൗകര്യമുള്ള ഇവിടെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിയാതെ വരുകയാണ്. നേരത്തേ ജില്ലാ ഭരണകൂടം മാനാഞ്ചിറ ടവര്‍ എന്ന പേരില്‍ കോഴിക്കോടിന്‍െറ മുഖമുദ്രയായ ഗോപുരം സ്ഥാപിക്കാന്‍ ഈ ഭാഗം കൂടി ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. കാടുപിടിച്ചുകിടക്കുന്ന ഭാഗത്ത് മാലിന്യം കൊണ്ടിടുന്നതും ക്ഷുദ്രജീവികളുടെ വിഹാര കേന്ദ്രമായതും ബുദ്ധിമുട്ടുണ്ടാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.