സത്യപ്രതിജ്ഞക്ക് രാജപക്സ: എതിര്‍പ്പുമായി തമിഴ് സംഘടനകള്‍

ചെന്നൈ: നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ശ്രീലങ്കൻ പ്രസിഡൻറ് മഹീന്ദ രാജ പക്സയെ ക്ഷണിച്ചതിൽ തമിഴ്നാട്ടിലെ എൻ.ഡി.എ ഘടകകക്ഷികളുൾപ്പെടെയുള്ള പാ൪ട്ടികൾക്ക് എതി൪പ്പ്. അയൽ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിൻെറ ഭാഗമായാണ് മോദിയുടെ സത്യപ്രതിജ്ഞക്ക് പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെയും ശ്രീലങ്കൻ പ്രസിഡൻറ് മഹീന്ദ രാജ പക്സയെയും ക്ഷണിച്ചത്. എന്നാൽ, തമിഴ്നാട്ടിലെ എൻ.ഡി.എ ഘടകകക്ഷികളായ എം.ഡി.എം.കെയുടെ അധ്യക്ഷൻ വൈകോ ഇതിനെതിരെ രംഗത്തുവന്നു. രാജ പക്സയെ മേയ് 26ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുപ്പിക്കാൻ പാടില്ളെന്ന് വൈകോ ആവശ്യപ്പെട്ടു.
ബി.ജെ.പി പ്രസിഡൻറ് രാജ്നാഥ് സിങ്ങിനോടും എൻ.ഡി.എ നേതാക്കളോടും സംഭവത്തിലെ ഉത്കണ്ഠ അറിയിക്കുന്നു. ശ്രീലങ്കൻ പ്രസിഡൻറിൻെറ പങ്കാളിത്തം തമിഴ് ജനവിഭാഗത്തിന് മുറിവേൽപിക്കും. 1998, 99 ലെ വാജ്പേയി അധികാരമേൽക്കുമ്പോഴോ 2004, 2009ൽ മൻമോഹൻ സിങ് അധികാരമേൽക്കുമ്പോഴോ ശ്രീലങ്കൻ പ്രസിഡൻറിനെ ക്ഷണിച്ചിരുന്നില്ളെന്നും വൈകോ ഓ൪മിപ്പിച്ചു. തമിഴ്നാടിന് പുറത്തുനിന്ന് വൈകോക്ക് ബി.ജെ.പി രാജ്യസഭാ സീറ്റ് നൽകുമെന്ന വാ൪ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനിടെയാണ് വൈകോയുടെ പ്രതികരണം.
വിവിധ വിഷയങ്ങളിൽ വ്യത്യസ്ത നിലപാടുള്ള പാ൪ട്ടികളാണ് തമിഴ്നാട്ടിൽ എൻ.ഡി.എ മുന്നണിയിലുള്ളതെന്ന് തുടക്കം മുതൽ വ്യക്തമായിരുന്നു. ശ്രീലങ്ക, തമിഴ് ഈഴം, രാമസേതു തുടങ്ങിയ വിഷയങ്ങളിൽ എം.ഡി.എം.കെ ഉൾപ്പെടെയുള്ള ദ്രാവിഡ പാ൪ട്ടികളുടെ നിലപാടല്ല ബി.ജെ.പിക്കുള്ളത്. ഇത്തരം അഭിപ്രായ വ്യത്യാസങ്ങളുടെ തുടക്കം മാത്രമാണ് ശ്രീലങ്കൻ പ്രസിഡൻറിൻെറ സത്യപ്രതിജ്ഞാ ചടങ്ങിലെ പങ്കാളിത്തത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.
ശ്രീലങ്കൻ വിഷയത്തിൽതന്നെ കോൺഗ്രസിൽനിന്ന് വ്യത്യസ്തമായ ഒരഭിപ്രായവും ബി.ജെ.പിയോ മോദിയോ പറഞ്ഞിട്ടില്ല. തമിഴ് മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്നതുമാത്രമായിരുന്നു മോദിയുടെ പ്രഖ്യാപനം.
വരുംദിവസങ്ങളിൽ തമിഴ് പാ൪ട്ടികളും ബി.ജെ.പിയും തമ്മിലെ ഭിന്നത രൂക്ഷമാകാനാണ് സാധ്യത. തമിഴ്നാട്ടിൽ രൂപം കൊണ്ട എൻ.ഡി.എയുടെ മഴവിൽ സഖ്യം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും നിലനിൽക്കണമെന്ന അജണ്ട നേരത്തേ ഉണ്ടായിരുന്നു. വിജയകാന്തിൻെറ ഡി.എം.ഡി.കെയായിരുന്നു ഇത് പ്രധാനമായും മുന്നോട്ട് വെച്ചത്. അതിനാൽതന്നെ ബി.ജെ.പി ജയലളിതയുമായി അടുക്കാൻ ശ്രമിക്കുന്നതിൽ വിജയകാന്തിന് നീരസവുമുണ്ട്. കേന്ദ്ര മന്ത്രിസഭയിൽ പ്രാതിനിധ്യം പ്രതീക്ഷിക്കുന്ന എൻ.ഡി.എ ഘടകകക്ഷിയും കടുത്ത ലങ്ക വിരുദ്ധ നിലപാടുകളുമുള്ള പി.എം.കെ യുടെ പ്രതികരണം ഒരു ദിവസത്തിനുള്ളിൽ പുറത്തുവിടുമെന്ന് നേതാക്കൾ പറഞ്ഞു. പാ൪ട്ടി വിഷയം ച൪ച്ച ചെയ്തിട്ടുണ്ടെന്നും അവ൪ പറഞ്ഞു. ഡി.എം.ഡി.കെയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
രാജ പക്സയെ ക്ഷണിക്കുന്നതിനെതിരെ ഡി.എം.കെ ഓ൪ഗനൈസിങ് സെക്രട്ടറി ടി.കെ.എസ്. ഇളങ്കോവൻ രംഗത്തുവന്നു. തമിഴ് വികാരം മോദി സ൪ക്കാ൪ മാനിക്കണമെന്നും നീക്കത്തിൽനിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ, സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ അധ്യക്ഷയുമായ ജയലളിതയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല.
രാജ പക്സയുടെ സാന്നിധ്യത്തിൽ ചടങ്ങ് ജയലളിത ബഹിഷ്കരിക്കുമോയെന്ന ആശങ്കയുമുണ്ട്.
എന്നാൽ, 37 സീറ്റുകൾ നേടി ദേശീയ തലത്തിൽ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായ ജയലളിതയുമായി ബി.ജെ.പി അടുത്ത ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും ബന്ധം ശക്തിപ്പെടുത്താനാണ് ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും ഇത് സാധ്യമാവുമെന്നാണ് കരുതുന്നതെന്നും തമിഴ്നാട് ബി.ജെ.പി നേതൃത്വം പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.