ആറ്റിപ്രയില്‍ ഇന്ന് കൊട്ടിക്കലാശം

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോര്‍പറേഷനിലെ ആറ്റിപ്ര വാര്‍ഡില്‍ ചൊവ്വാഴ്ച കൊട്ടിക്കലാശം. കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചും റോഡ്ഷോനടത്തിയും വോട്ടര്‍മാരെ നേരില്‍ക്കണ്ടും സ്ഥാനാര്‍ഥികളുടെ പ്രചാരണം അവസാനഘട്ടത്തിലാണ്. ശക്തമായ ത്രികോണമത്സരത്തിന്‍െറ പ്രതീതിയാണിവിടെ. പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് അവസാനിക്കും. പിന്നെ ഒരുദിവസം നിശബ്ദപ്രചാരണം. 22നാണ് തെരഞ്ഞെടുപ്പ്. പൊതുതെരഞ്ഞെടുപ്പിന് സമാനമായ ആവേശമാണ് ആറ്റിപ്രയിലും. ലോക്സഭാതെരഞ്ഞെടുപ്പിന്‍െറ ചൂട് മാറുംമുമ്പ് തന്നെ ഉപതെരഞ്ഞെടുപ്പ് വന്നതിനാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ വീറുംവാശിയും പ്രകടമാണ്. കൗണ്‍സിലറായ എം.എസ്. സംഗീതയുടെ മരണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫിന്‍െറ സി. ശ്രീകലയും എല്‍.ഡി.എഫിന്‍െറ ശോഭാ ശിവദത്തും തമ്മിലാണ് പ്രധാനപോരാട്ടം. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുണ്ടായ മുന്നേറ്റം ഇവിടെ പ്രതിഫലിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. അതിനാല്‍ പോരാട്ട ചൂടില്‍ തളരാതെ ബി.ജെ.പി സ്ഥാനാര്‍ഥി ആര്‍.ഒ. യമുനയും പ്രചാരണരംഗത്തുണ്ട്. ഒപ്പം ആം ആദ്മി പാര്‍ട്ടിയുടെ ശുഭാകുമാരിയും മൂന്ന് സ്വതന്ത്രരും മത്സരിക്കുന്നുണ്ട്. സ്വതന്ത്രരില്‍ രണ്ടുപേര്‍ ശോഭക്കും ശ്രീകലക്കും അപരന്മാരാണ്. മറ്റൊരു സ്വതന്ത്ര അജിതയാണ്. ആകെ ഏഴുപേരാണ് ജനവിധി തേടുന്നത്. 1720 വീടുകളിലായി 5180 വോട്ടര്‍മാരില്‍ 2767 സ്ത്രീകളും 2373 പുരുഷന്മാരുമാണ്. 192 വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ് സംഗീത കഴിഞ്ഞതവണ വിജയിച്ചത്. 3081 വോട്ടാണ് അന്ന് പോള്‍ ചെയ്തത്. വനിതാവാര്‍ഡാകുന്നതിന് മുമ്പ് 1700 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിന്‍െറ ശിവദത്ത് ജയിച്ചിരുന്നു. സി.പി.എം ശക്തികേന്ദ്രമെന്ന് അറിയപ്പെട്ടിരുന്ന ഇവിടെ സംഗീതയുടെ ആത്മഹത്യയും അവരുടെ കുടുംബം പാര്‍ട്ടിക്കെതിരെ തിരിഞ്ഞതും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കി. അത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍. ഒപ്പം മാലിന്യപ്രശ്നം, തെരുവുവിളക്ക്, നായശല്യം തുടങ്ങി അടിസ്ഥാനപരമായ വിഷയങ്ങളില്‍ നഗരസഭകാട്ടുന്ന നിരുത്തരവാദ സമീപനങ്ങള്‍ക്കെതിരെ വിധിയെഴുത്തുണ്ടാകുമെന്നും യു.ഡി.എഫ് കരുതുന്നു. എന്നാല്‍, പ്രധാന മുന്നണികളുടെ ഈ രണ്ട് കണക്കുകൂട്ടലുകളെയും അസ്ഥാനത്താക്കിയാണ് ലോക്സഭാതെരഞ്ഞെടുപ്പില്‍ വോട്ടിങ്ങില്‍ ബി.ജെ.പി ഇവിടെ കൈവരിച്ച നേട്ടം. കഴക്കൂട്ടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ആറ്റിപ്രയില്‍ ബി.ജെ.പിയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് എല്‍.ഡി.എഫും മൂന്നാം സ്ഥാനത്ത് യു.ഡി.എഫുമായിരുന്നു. ആറ്റിപ്രയിലെ ആകെയുള്ള അഞ്ച് ബൂത്തുകളില്‍ നാലിലും ബി.ജെ.പിയാണ് മുന്നില്‍ നിന്നത്. ആകെ പോള്‍ ചെയ്ത 4257 വോട്ടില്‍ ബി.ജെ.പി 1885 വോട്ട് നേടിയപ്പോള്‍ ഇടതുമുന്നണിക്ക് 1119 ഉം യു.ഡി.എഫിന് 1028ഉം വോട്ടാണ് നേടാനായത്. ഇത് പ്രധാനമുന്നണികളുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് ഭരിക്കുന്ന നഗരസഭയില്‍ ഭരണമുന്നണിക്ക് ആറ്റിപ്ര ജയം നിര്‍ണായകമാണ്. നൂറു വാര്‍ഡുകളുള്ള നഗരസഭയില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്ന ആറ്റിപ്ര ഉള്‍പ്പെടെ 51 വാര്‍ഡുകളാണ് എല്‍.ഡി. എഫിനുണ്ടായിരുന്നത്. സംഗീതയുടെ മരണത്തോടെ അത് 50 ആയി. 42 സീറ്റുകളില്‍ യു.ഡി.എഫും ആറെണ്ണത്തില്‍ ബി.ജെ.പിയും ഒരുസീറ്റില്‍ സ്വതന്ത്രനുമാണ് മറുപക്ഷത്തുള്ളത്. യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തലയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കുവേണ്ടി വി.എസ്. അച്യുതാനന്ദനും പ്രചാരണത്തിന് എത്തിയിരുന്നു. ആം ആദ്മി സ്ഥാനാര്‍ഥി ശുഭാകുമാരിക്ക് വേണ്ടി സാറാ ജോസഫ് ഇന്ന് ആറ്റിപ്രയില്‍ എത്തും. വ്യാഴാഴ്ച രാവിലെ ഏഴുമുതല്‍ വൈകുന്നേരം അഞ്ചുവരെ അഞ്ച് ബൂത്തുകളിലായാണ്് വോട്ടെടുപ്പ്. യൂനിവേഴ്സിറ്റി നഴ്സറിയിലും ആത്മബോധിനി ഗ്രന്ഥശാലയിലും രണ്ട് ബൂത്തുകള്‍ കാട്ടില്‍ ജി.ആര്‍. എല്‍.പി സ്കൂളിലും വില്ലേജ് ഓഫിസിലുമാണ് സജ്ജീകരിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.