108 ആംബുലന്‍സ് സര്‍വീസ് അവതാളത്തില്‍

തിരുവനന്തപുരം: കരാറുകാരുടെ അനാസ്ഥയും യന്ത്രസംവിധാനങ്ങളുടെ തകരാറും വാഹനങ്ങള്‍ പരിപാലിക്കുന്നതിലുള്ള ഉപേക്ഷയും നിമിത്തം അടിയന്തര സര്‍വീസായ 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി. ഭൂരിഭാഗം ആംബുലന്‍സുകളും ഉപയോഗശൂന്യമായെങ്കിലും ഈ വിവരം തന്ത്രപൂര്‍വം മറച്ചുവെച്ച് കരാറുകാര്‍ നാമമാത്രമായ വാഹനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് തുടരുകയാണ്. തിരുവനന്തപുരം ജില്ലയില്‍ മാത്രം 25 ആംബുലന്‍സുകളാണ് നേരത്തേ ഉണ്ടായിരുന്നത്. ഇതില്‍ പതിനഞ്ചോളം ആംബുലന്‍സുകള്‍ സര്‍വീസ് അവസാനിപ്പിച്ച അവസ്ഥയിലാണ്. ആംബുലന്‍സുകള്‍ക്കുള്ളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഡിഫെബ് യന്ത്രസംവിധാനം മിക്കതിലും പ്രവര്‍ത്തനരഹിതമായ നിലയിലാണ്. ആശുപത്രി യാത്രക്കിടെ ഇ.സി.ജി, രക്തസമ്മര്‍ദം, രക്തത്തിലെ ഓക്സിജന്‍െറ അളവ് കണക്കാക്കല്‍ എന്നിവക്ക് പുറമെ അടിയന്തര ഘട്ടങ്ങളില്‍ ഹൃദ്രോഗികള്‍ക്ക് ആവശ്യമായി വരുന്ന വൈദ്യുതാഘാത ചികിത്സയും ലഭ്യമാക്കുന്ന യന്ത്രസംവിധാനമാണ് ഡിഫെബ്. ഉദ്ദേശം മൂന്നരലക്ഷം രൂപയാണ് ഓരോ മെഷീന്‍െറയും വില. ഇതില്‍ ഉപയോഗിക്കുന്ന റീചാര്‍ജബിള്‍ ബാറ്ററിക്ക് മാത്രം ഏതാണ്ട് 24,000 രൂപ വില വരും. പ്രശസ്ത കമ്പനിയുടെ ഗുണനിലവാരമുള്ള ഇ.സി.ജി മോണിറ്റര്‍ അടങ്ങിയ ഡിഫെബ് മെഷീനുകളാണ് 108 കളില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ മിക്ക ആംബുലന്‍സുകളിലും ഡിഫെബ് മെഷീന്‍ തകരാറിലാണ്. ഇതുകാരണം ഹൃദ്രോഗികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് ഇതിന്‍െറ സേവനം നിഷേധിക്കപ്പെടുന്നത്. അപകടത്തില്‍പ്പെട്ടവരെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെത്തിക്കുകയെന്ന കേവലസേവനം മാത്രമാണ് നിലവിലെ കരാറുകാര്‍ നല്‍കുന്നത്. നേരത്തേ കരാറെടുത്തിരുന്നവര്‍ കൃത്യസമയങ്ങളില്‍ ആംബുലന്‍സുകളുടെയും പരിശോധനാ യന്ത്രങ്ങളുടെയും അറ്റകുറ്റപ്പണികള്‍ നിര്‍വഹിച്ചിരുന്നു. പുതിയ കമ്പനി കരാര്‍ ഏറ്റെടുത്തതോടെയാണ് 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം അവതാളത്തിലായതെന്നാണ് ആരോപണം. വാഹനവകുപ്പിന്‍െറ ടെസ്റ്റ് ജയിക്കുന്നതിന് മാത്രമാണ് ആംബുലന്‍സുകളില്‍ പുതിയ ടയറുകള്‍ ഇടുന്നത്. ടെസ്റ്റ് പാസായി തിരിച്ചെത്തുന്ന ആംബുലന്‍സുകളില്‍നിന്ന് പുതിയ ടയര്‍ ഊരിമാറ്റി മൊട്ടയായ ടയറുകള്‍ ഘടിപ്പിക്കുകയാണ് പതിവത്രെ. ഇതിനൊക്കെ പുറമെ 108ന്‍െറ പ്രവര്‍ത്തനങ്ങളെ കുറിച്ചോ അപകടങ്ങളില്‍പ്പെട്ട് സേവനം തേടുന്നവരെക്കുറിച്ചോ യാതൊരുവിധ വിവരങ്ങളും ലഭ്യമാക്കാതിരിക്കാനും കരാറുകാര്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. നേരത്തെ 108ല്‍ വിളിച്ചാല്‍ അപകടം നടന്ന സ്ഥലം, അപകടത്തില്‍പ്പെട്ട വ്യക്തി/വ്യക്തികള്‍, ഇവരെ പ്രവേശിപ്പിച്ച ആശുപത്രി എന്നീ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂം നല്‍കിയിരുന്നു. എന്നാല്‍ ഇത്തരം വിവരങ്ങളൊന്നും ഇപ്പോള്‍ പൊതുജനത്തിനോ മാധ്യമപ്രവര്‍ത്തകര്‍ക്കോ നല്‍കരുതെന്നും കരാറുകാര്‍ ജീവനക്കാരോട് ചട്ടം കെട്ടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.