മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പര്‍ച്ചേസ് കമ്മിറ്റി രൂപവത്കരിക്കും

മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് പുതിയ ആശുപത്രിയില്‍ പ്രത്യേക പര്‍ച്ചേസ് കമ്മിറ്റി രൂപവത്കരിക്കാന്‍ ആശുപത്രി വികസന സമിതിയില്‍ ധാരണയായി. ആശുപത്രിയിലേക്ക് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും വാങ്ങുന്നത് സൂപ്രണ്ട് നേരിട്ടാണ്. ഈ സംവിധാനത്തിന് മാറ്റം വരുത്തി ഇടപാടുകള്‍ സുതാര്യമാക്കാനാണ് പര്‍ച്ചേസ് കമ്മിറ്റി രൂപവത്കരിച്ചത്. 3.92 കോടി രൂപ വരവും 3.75 കോടി ചെലവുമുള്ള വാര്‍ഷിക ബജറ്റ് ആശുപത്രി വികസന സമിതി യോഗത്തില്‍ അവതരിപ്പിച്ചു. വര്‍ഷങ്ങളായി കേടായി കിടക്കുന്ന 25 ലക്ഷം രൂപയുടെ മാമോഗ്രഫി മെഷീന്‍ 11 ലക്ഷം രൂപ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തേണ്ടെന്നും പുതിയതിന് സര്‍ക്കാറിനോട് ആവശ്യപ്പെടാനും തീരുമാനമായി. ടെക്നീഷ്യന്‍മാരുടെ വേതനം 350 രൂപയായി ഏകീകരിക്കാനും ശുചീകരണപ്രവൃത്തികള്‍ക്ക് കുടുംബശ്രീ പ്രവര്‍ത്തകരെ നിയമിക്കാനും ധാരണയായി. ആശുപത്രി ഏകീകരണത്തില്‍ നെഞ്ചുരോഗാശുപത്രിയില്‍നിന്ന് മാറ്റിയ ചികിത്സ വിഭാഗങ്ങളിലെ എച്ച്.ഡി.എസ് ജീവനക്കാര്‍ക്ക് നിയമനം നല്‍കാനും തീരുമാനിച്ചു. ആശുപത്രിയിലെ ലിഫ്റ്റുകളുടെ അറ്റകുറ്റപ്പണിക്ക് 2.52 ലക്ഷം രൂപയും പ്രസവവാര്‍ഡിലെ സെപ്റ്റിക് ടാങ്കിന്‍െറ അറ്റകുറ്റപ്പണിക്ക് 1.25 ലക്ഷം രൂപയും ബാത്ത്റൂം ഉള്‍പ്പെടെ വികസന പദ്ധതികള്‍ക്ക് 33.5 ലക്ഷം രൂപയും എസ്റ്റിമേറ്റ് തയാറാക്കാനും തീരുമാനിച്ചു. ആശുപത്രി വികസന സമിതി ചെയര്‍പേഴ്സനായ കലക്ടര്‍ എം.എസ്. ജയ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ബാലഗോപാല്‍, മുണ്ടത്തിക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ. അജിത്കുമാര്‍, അവണൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് രാജേന്ദ്രന്‍ അരങ്ങത്ത്, മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജെ. ദേവസി എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്, എം.പി, എം.എല്‍.എമാര്‍, മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ തുടങ്ങിയ പ്രമുഖരുടെ അസാന്നിധ്യം ശ്രദ്ധേയമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.