കുത്തകകള്‍ക്ക് ബാങ്കിങ് മേഖല തുറന്നുകൊടുക്കാന്‍ –പിണറായി

തിരുവനന്തപുരം: രാജ്യത്തെ കുത്തകകള്‍ക്ക് ബാങ്കിങ് മേഖല തുറന്നുകൊടുക്കാന്‍ വേണ്ടിയുള്ള നടപടിയുടെ ഭാഗമായാണ് എസ്.ബി.ഐയെ റിലയന്‍സിനെ ഏല്‍പിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്നാല്‍, കുത്തകതാല്‍പര്യത്തിന് വിരുദ്ധമാകുമെന്നതിനാലാണ് പല മാധ്യമങ്ങളും ആ വാര്‍ത്ത നല്‍കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നവമാധ്യമ കൂട്ടായ്മയായ ‘സൈബര്‍ കമ്യൂണി’ന്‍െറ മാധ്യമ പുരസ്കാരദാനം നിര്‍വഹിക്കുകയായിരുന്നു പിണറായി. ലോകത്ത് പലയിടത്തും ബാങ്കിങ് മേഖല പ്രതിസന്ധി നേരിട്ടപ്പോള്‍ എസ്.ബി.ഐക്ക് പ്രത്യേക പ്രതിസന്ധിയൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ എസ്.ബി.ഐ എന്ന പേര് നിലനിര്‍ത്തി എല്ലാ പ്രവര്‍ത്തനവും റിലയന്‍സിന്‍െറ അനുബന്ധ സ്ഥാപനത്തെ ഏല്‍പിക്കുകയാണ്. എസ്.ബി.ഐയുടെ ഏത് വൈകല്യം പരിഹരിക്കാനാണ് ഈ നടപടിയെന്നും അദ്ദേഹം ചോദിച്ചു.ഒരു കുട്ടി ഏത് ഭാഷയില്‍ പഠിക്കണമെന്ന് രക്ഷിതാവും കുട്ടിയും തീരുമാനിച്ചാല്‍ മതിയെന്ന് അടുത്ത കാലത്ത് സുപ്രീംകോടതിയുടെ നിലപാട് വന്നു. മാതൃഭാഷാ വിദ്യാഭ്യാസത്തെ നിരുത്സാഹപ്പെടുത്തുന്ന നിലപാടാണിത്. ഭാഷാ സ്നേഹികള്‍ പ്രതിഷേധിച്ചത് സ്വാഗതാര്‍ഹമാണ്. കലാലയങ്ങളില്‍ വിദ്യാര്‍ഥി സംഘടനകളും രാഷ്ട്രീയവും പാടില്ളെന്ന് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനെതിരെ നാട്ടിലെ പ്രധാന മാധ്യമങ്ങള്‍ എന്ന് ധരിക്കുന്നവര്‍പോലും പ്രതികരിച്ചില്ല. നമ്മുടെ നാട്ടില്‍ രാഷ്ട്രീയം ചിലര്‍ക്ക് അലര്‍ജിപോലെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ളബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി.എം. മനോജിന് മാധ്യമ പുരസ്കാരവും കൈരളി ടി.വി റിപ്പോര്‍ട്ടര്‍ പി.വി. കുട്ടന് മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരവും പിണറായി വിജയന്‍ വിതരണം ചെയ്തു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എപ്ളസ് നേടിയ അമീറക്കും ഉപഹാരം നല്‍കി. ഭാസുരേന്ദ്രബാബു അധ്യക്ഷത വഹിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി, ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, എം.പിമാരായ കെ.എന്‍. ബാലഗോപാലന്‍, എ. സമ്പത്ത്, ചെറിയാന്‍ ഫിലിപ്പ്, സൈബര്‍ ഗ്രൂപ് സെക്രട്ടറി എ.കെ. മനോജ്, കണ്‍വീനര്‍ പ്രമോദ് കൊല്ലം എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.