അകമലവാരത്തെ സ്വകാര്യ എസ്റ്റേറ്റില്‍ വീണ്ടും മരംമുറി

പാലക്കാട്: ജില്ലാ ഭരണകൂടത്തെ നോക്കുകുത്തിയാക്കി മലമ്പുഴ അകമലവാരത്തെ സ്വകാര്യ എസ്റ്റേറ്റില്‍ വീണ്ടും മരംമുറി തകൃതി. റബര്‍ തൈകള്‍ നടുന്നതിനുവേണ്ടി പ്രായം കഴിഞ്ഞ റബര്‍ മരങ്ങള്‍ മുറിച്ച് നീക്കുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് എസ്റ്റേറ്റിന് ചുറ്റുമുള്ള റിസര്‍വ് വനത്തിലെ മരങ്ങളും മുറിച്ച് കടത്തുകയാണ്. രാത്രി സമയത്താണ് മരം കടത്തുന്നത്. ഒരു വര്‍ഷം മുമ്പ് ഇവിടെ മരംമുറി നടന്നിരുന്നത് വനം വകുപ്പ് ഇടപെട്ട് തടഞ്ഞിരുന്നു. ഇപ്പോള്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കിയാണ് മരംമുറിക്കുന്നത്. ഏമൂര്‍ ദേവസ്വം പാട്ടത്തിന് നല്‍കിയ എസ്റ്റേറ്റാണിത്. പാട്ടചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് മരംമുറിക്കുന്നതെന്ന് മലമ്പുഴ ഡാം സംരക്ഷണ സമിതി സെക്രട്ടറി ഡോ. പി.എസ്. പണിക്കര്‍ പറഞ്ഞു. എസ്റ്റേറ്റ് പാട്ടത്തിന് നല്‍കിയതിനാല്‍ വനം വകുപ്പിന് ഇവിടുത്തെ മരം മുറിക്കുന്നത് തടയാന്‍ പരിമിതിയുണ്ട്. എന്നാല്‍, ജില്ലാ കലക്ടര്‍ അകമലവാരത്ത് മരംമുറി തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയാല്‍ വനംവകുപ്പിനും പൊലീസിനും നടപടിയെടുക്കാന്‍ കഴിയും. മുമ്പ് അട്ടപ്പാടിയിലും നെല്ലിയാമ്പതിയിലും മരംമുറി നടന്ന സമയത്ത് അന്നത്തെ ജില്ലാ കലക്ടര്‍മാര്‍ മരംമുറി തടഞ്ഞ് ഉത്തരവിറക്കിയിരുന്നു. ആ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ലക്ഷങ്ങളുടെ മരങ്ങളാണ് ഇവിടുന്ന് മുറിച്ച് കടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.