മാനന്തവാടി ഡിപ്പോ തകര്‍ക്കാന്‍ നീക്കം

മാനന്തവാടി: സര്‍വീസുകള്‍ വെട്ടിച്ചുരുക്കി കെ.എസ്.ആര്‍.ടി.സി മാനന്തവാടി ഡിപ്പോയെ തകര്‍ക്കാന്‍ അണിയറ നീക്കം സജീവം. ഗ്രാമീണ സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനാണ് എ.ടി.ഒയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്. പുല്‍പള്ളി, കുളത്താട പുതുശ്ശേരി, തൃശ്ശിലേരി, വാളാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നത്. കുളത്താട വഴി പുതുശ്ശേരിയിലേക്ക് രണ്ട് ബസുകള്‍ 32 തവണ സര്‍വീസ് നടത്തുന്നുണ്ട്. ഇത് വെട്ടിച്ചുരുക്കി പത്തു തവണയാക്കാനാണ് നീക്കം. ഇതിന്‍െറ ഭാഗമായി ഒരു ബസ് നിര്‍ത്തലാക്കുകയും ചെയ്തു. മന്ത്രി പി.കെ. ജയലക്ഷ്മി ഇടപെട്ടാണ് സര്‍വീസ് പുനരാരംഭിച്ചത്. സ്വകാര്യ ബസുകളോട് മത്സരിക്കുന്ന പുല്‍പള്ളി റൂട്ടിലും ബസുകള്‍ പിന്‍വലിക്കാനുള്ള നീക്കം സജീവമായിട്ടുണ്ട്. 22 കി.മീ. ദൂരം ഓടുന്ന പുതുശ്ശേരി ബസിന് ശരാശരി 6500 മുതല്‍ 7000 രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്. സ്കൂള്‍ തുറക്കുന്നതോടെ വരുമാനം വര്‍ധിക്കുകയും ചെയ്യും. പെരിക്കല്ലൂരില്‍നിന്ന് പുറപ്പെട്ട് കുറ്റ്യാടി കൂരാചുണ്ട് വഴി ആനക്കാംപൊയിലിലേക്ക് സര്‍വീസ് നടത്തുന്ന ബസിന് ശരാശരി 6000 രൂപയാണ് ലഭിക്കുന്നത്. 250 കി.മീ. ദൂരം ഓടിയിട്ടും ഈ തുകമാത്രമാണ് ലഭിക്കുന്നത്. ഭീമമായ നഷ്ടം സഹിച്ച് നടത്തുന്ന സര്‍വീസുകള്‍ നിര്‍ത്താന്‍ അധികൃതര്‍ തയാറാകുന്നുമില്ല. കെ.എസ്.ആര്‍.ടി.സി ബസിനെ മാത്രം ആശ്രയിക്കുന്ന റൂട്ടുകളില്‍ പാരലല്‍ സര്‍വീസുകള്‍ക്ക് വഴിയൊരുക്കാനാണ് കെ.എസ്.ആര്‍.ടി.സി അധികൃതരുടെ നീക്കം. ലാഭകരമായ സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതിനെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. ഇത്തരം നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ സമര പരിപാടികള്‍ക്ക് തയാറെടുക്കുകയാണ് ജീവനക്കാര്‍. തൃശ്ശിലേരി റൂട്ടില്‍ വര്‍ഷങ്ങളായി രണ്ട് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. സ്കൂള്‍ തുറക്കുമ്പോള്‍ രണ്ട് ബസ് തികയാത്ത അവസ്ഥയാണ്. ഇവിടെയാണ് നഷ്ടത്തിന്‍െറ പേരുപറഞ്ഞ് സര്‍വീസ് വെട്ടിച്ചുരുക്കാന്‍ ശ്രമിക്കുന്നത്. അധികൃതരുടെ നിലപാടിനെതിരെ പാസഞ്ചേഴ്സ് അസോസിയേഷനുകള്‍ സമരത്തിന് തയാറെടുക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.