കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ വോട്ടെണ്ണലിനുളള കൗണ്ടിങ് ഉദ്യോഗസ്ഥരുടെ നിയമന നടപടികള്‍ തുടങ്ങിയതായി ജില്ലാ കലക്ടര്‍ സി.എ. ലത അറിയിച്ചു. കോഴിക്കോട് സൗത്തിലും തിരുവമ്പാടിയിലും 12 വീതവും മറ്റു മണ്ഡലങ്ങളില്‍ 14 വീതവും ടേബില്‍ ഓരോ റൗണ്ടിലുമുണ്ടാവും. ഉച്ചയോടെ ഫലപ്രഖ്യാപനം പൂര്‍ത്തിയാകുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍ നടത്തുന്നതെന്നും കലക്ടര്‍ പറഞ്ഞു. മേയ് 16 ന് രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിക്കുക. ജില്ലയില്‍ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ടാവും. കോഴിക്കോട്, വടകര മണ്ഡലങ്ങളുടെ പോസ്റ്റല്‍ ബാലറ്റ് ഫാറൂഖ് കോളജിലാണ് എണ്ണുക. ഇതിനായി വരണാധികാരികൂടിയായ കലക്ടറുടെ സാന്നിധ്യത്തില്‍ പ്രത്യേക മേശ ക്രമീകരിക്കും. തപാല്‍ വോട്ടടങ്ങുന്ന 13 സി നമ്പര്‍ കവര്‍ ഒന്നൊന്നായി തുറന്ന് അതിലുളള ബാലറ്റ് പേപ്പര്‍ അടങ്ങുന്ന 13 ബി നമ്പര്‍ കവറും 13 എ നമ്പര്‍ സത്യവാങ്മൂലവും പരിശോധിക്കും. സത്യവാങ്മൂലം ഇല്ലെങ്കിലോ അതില്‍ സമ്മതിദായകന്‍െറ ഒപ്പില്ലെങ്കിലോ യോഗ്യതയുള്ള ഉദ്യോഗസ്ഥന്‍െറ മുദ്രയോടു കൂടിയ സാക്ഷ്യപ്പെടുത്തല്‍ ഇല്ലെങ്കിലോ ഇന്നര്‍ കവറിലും സത്യവാങ്മൂലത്തിലുമുള്ള ബാലറ്റ് പേപ്പര്‍ സീരിയല്‍ നമ്പര്‍ വ്യത്യസ്ഥമാണെങ്കിലോ പോസ്റ്റല്‍ വോട്ട് അസാധുവാകും. ഇത്തരം ബാലറ്റുകള്‍ പ്രത്യേക കവറുകളില്‍ സൂക്ഷിക്കും. പോസ്റ്റല്‍ ബാലറ്റ് സാധുവാകുന്നുവെങ്കില്‍ അവയുടെ സത്യവാങ്മൂലം പരിശോധിച്ച് സീല്‍ ചെയ്ത് പ്രത്യേകം സൂക്ഷിക്കും. അവയുടെ ഇന്നര്‍ കവര്‍ തുറന്ന് ബാലറ്റ് പുറത്തെടുത്ത് തരംതിരിച്ച് വിലയിരുത്തും. വ്യക്തമാകുന്ന ഏതെങ്കിലും അടയാളം ഒരു സ്ഥാനാര്‍ഥിയുടെ കോളത്തില്‍ രേഖപ്പെടുത്തിയാല്‍ ആ വോട്ട് സാധുവാണ്. ഒന്നിലധികം കോളത്തില്‍ വോട്ട് രേഖപ്പെടുത്തിയാലോ ബാലറ്റ് പേപ്പറിന് സാരമായ രീതിയില്‍ കേടുവന്നിട്ടുണ്ടെങ്കിലോ 13 ബി കവറില്‍ അല്ലാതെ ബാലറ്റ് അടക്കം ചെയ്താലോ വോട്ടറെ തിരിച്ചറിയുന്ന ഏതെങ്കിലും അടയാളമോ എഴുത്തോ ബാലറ്റ് പേപ്പറില്‍ രേഖപ്പെടുത്തിയാലോ വോട്ട് അസാധുവാകും. തപാല്‍വോട്ട് എണ്ണി പൂര്‍ത്തിയാകുന്നതിനുമുമ്പ് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫല പ്രഖ്യാപനം നടത്തില്ല. ഏതെങ്കിലും കാരണവശാല്‍ വിജയം തപാല്‍ വോട്ടിന്‍െറ എണ്ണത്തെ ആശ്രയിച്ചാണെങ്കില്‍ തപാല്‍ വോട്ടുകളുടെ പുന$പരിശോധനക്ക് വ്യവസ്ഥയുണ്ട്. സാധുവായതും അസാധുവായതും ആയ പോസ്റ്റല്‍ ബാലറ്റുകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍െറയും ജില്ലാ കലക്ടറുടെയും സാന്നിധ്യത്തില്‍ വീണ്ടും എണ്ണി തിട്ടപ്പെടുത്തേണ്ടി വരും. വോട്ടിങ് യന്ത്രങ്ങളിലെയും പോസ്റ്റല്‍ ബാലറ്റുകളുടെയും വോട്ടെണ്ണലിന് ഉദ്യോഗസ്ഥര്‍ക്ക് ഏറ്റവും മികച്ച പരിശീലന ക്ളാസും റിഹേഴ്സലും നല്‍കുന്നുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.