കഞ്ഞിപ്പുര–മൂടാല്‍ ബൈപ്പാസ്: സ്ഥലമേറ്റെടുക്കല്‍ ആരംഭിച്ചില്ല

മലപ്പുറം: വട്ടപ്പാറ വളവില്‍ രണ്ടുവര്‍ഷം മുമ്പ് നടന്ന ടാങ്കര്‍ ലോറി അപകടത്തെ തുടര്‍ന്ന് വീതികൂട്ടാനുദ്ദേശിച്ച കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസിന്‍െറ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഇനിയും ആരംഭിച്ചില്ല. ശനിയാഴ്ച ഇതേ സ്ഥലത്ത് വീണ്ടും ടാങ്കര്‍ അപകടത്തില്‍പ്പെടുമ്പോഴും പദ്ധതിയുടെ ഉദ്ഘാടനത്തിനപ്പുറത്തേക്ക് എത്തിയിട്ടില്ല. കോട്ടക്കലിനും വളാഞ്ചേരിക്കുമിടയിലെ വട്ടപ്പാറ വളവില്‍ നിരവധി വന്‍ അപകടങ്ങളാണുണ്ടായത്. അപകടങ്ങളൊഴിവാക്കാല്‍ നിരവധി നടപടികള്‍ സ്വീകരിച്ചെങ്കിലും ഒന്നും ഫലം കാണാത്തതിനെ തുടര്‍ന്നാണ് കഞ്ഞിപ്പുര-മൂടാല്‍ സംസ്ഥാന പാത വീതി കൂട്ടാനുദ്ദേശിച്ചത്. നിലവില്‍ കഞ്ഞിപ്പുരയില്‍ നിന്നും മൂടാല്‍ വരെ ദേശീയപാത വഴി പോകുമ്പോള്‍ 10 കിലോമീറ്ററാണുള്ളത്. സംസ്ഥാനപാത വഴി പോകുമ്പോള്‍ ആറ് കിലോമീറ്റര്‍ മാത്രവും. ഈ പാത വീതി കൂട്ടാനായിരുന്നു തീരുമാനം. സംസ്ഥാന സര്‍ക്കാറാണ് പദ്ധതി നടപ്പാക്കുന്നത്. എട്ട് മീറ്ററാണ് നിലവിലെ റോഡ്. ഇത് 15 മീറ്ററാക്കാനായിരുന്നു പദ്ധതിയിലൂടെ ഉദ്ദേശിച്ചിരുന്നത്. ആദ്യഘട്ടത്തില്‍ 25 കോടിയായിരുന്നു ചെലവ്. ഇത് പിന്നീട് 27 കോടിയായി. 10 കോടി ഭൂമി ഏറ്റെടുക്കുന്നതിനും 17 കോടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുമാണ്. അതേ സമയം, പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി അബ്ദുസ്സമദ് സമദാനി എം.എല്‍.എ പറഞ്ഞു. സ്ഥലമേറ്റെടുക്കല്‍ വിജ്ഞാപനം മാര്‍ച്ചില്‍ ഇറങ്ങിയിരുന്നെങ്കിലും പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ മാറ്റിവെച്ചു. പെരുമാറ്റചട്ടം റദ്ദാക്കിയാല്‍ ഭൂമിയേറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിക്കും. ഭൂമി വിട്ടുനല്‍കുന്നതിനെതിരെ കാര്യമായ പ്രാദേശിക എതിര്‍പ്പുകളൊന്നും ഉയര്‍ന്നിട്ടില്ല. കലക്ടര്‍ ഉടമസ്ഥരെ വിളിച്ച് വില നിര്‍ണയിക്കുന്നതിനുള്ള നടപടികള്‍ പെരുമാറ്റചട്ട കാലാവധി കഴിയുന്നതോടെ ആരംഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.