ഭീതിയൊഴിയാതെ ചപ്പ കോളനിവാസികള്‍

മാനന്തവാടി: മാവോവാദികളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചപ്പ കോളനിവാസികള്‍ക്ക് ഭീതിയൊഴിയുന്നില്ല. രണ്ടുമാസം മുമ്പാണ് രാത്രിയില്‍ അഞ്ചംഗ മാവോവാദി സംഘം സായുധരായി കോളനിയിലെത്തിയത്. താമസിക്കുന്ന വീടിന് രേഖകള്‍ ഉണ്ടോ, സര്‍ക്കാറിന്‍െറ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതായി കോളനിവാസി കാളിമൂല ബാബു പറഞ്ഞു. സംഭവം പുറത്തുപറഞ്ഞതോടെ മാവോവാദികള്‍ നിരന്തരം കോളനിയിലെത്തി ഭീഷണിപ്പെടുത്തുന്നത്രെ. അതിനാല്‍ ഇവരുടെ സാന്നിധ്യം പുറത്തുപറയാന്‍ ആദിവാസികള്‍ തയാറാകുന്നില്ല. ആഴ്ചയില്‍ ഒരു വീട്ടില്‍നിന്ന് അഞ്ച് കിലോ അരി നല്‍കണമെന്ന് മാവോവാദികള്‍ ആവശ്യപ്പെട്ടതായും കോളനിക്കാര്‍ പറഞ്ഞു. കുറിച്യ വിഭാഗക്കാര്‍ താമസിക്കുന്ന കോളനിയില്‍ ഒമ്പത് വീടുകളാണുള്ളത്. 70ഓളം അംഗങ്ങള്‍ ഇവിടെയുണ്ട്. ഇവര്‍ക്ക് കോളനിയിലേക്ക് പോകാനും വരാനും യാത്രാ സൗകര്യം പോലുമില്ല. വനത്തിനുള്ളിലൂടെ നിര്‍മിച്ച ഒരു റോഡ് മാത്രമാണുള്ളത്. മഴക്കാലത്ത് വയലില്‍ വെള്ളം കയറിയാല്‍ റോഡ് ഉപകാരപ്പെടാത്ത അവസ്ഥയാണ്. ഇതോടെ രോഗികളെ ഒരു കി.മീ എടുത്തുകൊണ്ടുവന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. വാസയോഗ്യമല്ലാത്ത വീടുകളാണ് മിക്കവരുടേതും. വനത്തിന് നടുവിലായതിനാല്‍ വന്യമൃഗശല്യം രൂക്ഷമാണ്. വാഴ, പാവക്ക തുടങ്ങിയ കൃഷികളാണ് പ്രധാനമായും. യാത്രാ സൗകര്യം കുറവായതിനാല്‍ അധികൃതരും രാഷ്ട്രീയക്കാരും ഈ കോളനിയിലേക്ക് തിരിഞ്ഞുനോക്കാറില്ല. യാത്രാ സൗകര്യം ഇല്ലാത്തതിനാല്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കോളനിയിലെ നിരവധിപേര്‍ വോട്ട് ചെയ്യാന്‍ പോയില്ല. ആദിവാസികളുടെ ഇല്ലായ്മ മുതലെടുക്കാനുള്ള ശ്രമമാണ് മാവോവാദികള്‍ നടത്തുന്നതെന്നാണ് നിഗമനം. ഇത് തടയാന്‍ ആദിവാസികള്‍ക്കിടയില്‍ ബോധവത്കരണം നടത്താനും കോളനിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സര്‍ക്കാര്‍ തയാറാകണമെന്ന ആവശ്യം ഉയരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.