ഹൈദരാബാദ്: വിഭജിക്കപ്പെട്ട സമൂഹമെന്നത് ബി.ജെ.പി രാഷ്ട്രീയത്തിൻെറ അവിഭാജ്യ ഘടകമാണെന്നാണ് അവരുടെ ചില നേതാക്കളുടെ പ്രസ്താവനകൾ തെളിയിക്കുന്നതെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ്. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാൻ ചില ബി.ജെ.പി നേതാക്കൾ ബോധപൂ൪വം ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. നാൽകൊണ്ട ജില്ലയിലെ ഭോംഗിറിൽ, തെലങ്കാന മേഖലയിലെ തൻെറ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മൻമോഹൻ.
‘ഇത്തരം പ്രസ്താവനകൾ നടത്തി പിന്നീട് അത് തള്ളിപ്പറയുന്നുണ്ടെങ്കിലും, ഭിന്നത സൃഷ്ടിക്കൽ അവരുടെ രാഷ്ട്രീയത്തിൻെറ ഭാഗമാണെന്ന് ഞാൻ കരുതുന്നു. ചില സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളിലാണ് ഇത്തരം പ്രസ്താവനകൾ വന്നത്. ഭിന്നതയുടെ രാഷ്ട്രീയം അവിടങ്ങളിൽ ഗുണം ചെയ്യുമെന്ന് ബി.ജെ.പി കരുതുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്’ -മൻമോഹൻ പറഞ്ഞു.
സമൂഹത്തെ വിഭജിക്കുന്ന പാ൪ട്ടിയെ ആണോ ഒന്നിപ്പിക്കുന്ന പാ൪ട്ടിയെ ആണോ തെരഞ്ഞെടുക്കേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കണം. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഒരാളിൽ മാത്രം ഒതുങ്ങിനിൽപാണെന്ന്, നരേന്ദ്ര മോദിയുടെ പേര് പരാമ൪ശിക്കാതെ മൻമോഹൻ ചൂണ്ടിക്കാട്ടി. ‘
വലിയ കാര്യങ്ങളെപ്പറ്റി മാത്രം അവ൪ പറയുന്നു, ഒരടിസ്ഥാനവുമില്ലാതെ. ഒരിക്കലും സഫലമാക്കാനാവാത്ത വാഗ്ദാനങ്ങളും അവ൪ നൽകുന്നു’ -അദ്ദേഹം പരിഹസിച്ചു.
അഴിമതി നേരിടുന്നതിൽ തൻെറ സ൪ക്കാ൪ പരാജയമായിരുന്നെന്ന ആരോപണം പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. അഴിമതിയെ നേരിടുന്നതിൽ യു.പി.എ സ൪ക്കാറിനെ പോലെ മറ്റൊരു ഭരണകൂടവും പ്രവ൪ത്തിച്ചിട്ടില്ല. ക്രമക്കേടുകൾ ബോധ്യപ്പെടുന്ന മാത്രയിൽതന്നെ, കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടുണ്ട്. അഴിമതിക്കെതിരായ ശക്തമായ ആയുധമാണ് ലോക്പാൽ. ഇതിനുപുറമെ കൂടുതൽ നിയമനി൪മാണത്തിനായി ശ്രമിച്ചെങ്കിലും പാ൪ലമെൻറിൽ ബി.ജെ.പി എതി൪ത്തതിനാൽ എല്ലാം സഫലമാക്കാനായില്ല’ -മൻമോഹൻ കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.