സംസ്ഥാനത്ത് റോഡപകട മരണങ്ങള്‍ കുറഞ്ഞു – ഋഷിരാജ് സിങ്

കാസര്‍കോട്: എല്ലാ ഇരുചക്ര വാഹന യാത്രക്കാരും ഹെല്‍മെറ്റ് ധരിച്ച് വാഹനമോടിച്ചാല്‍ സംസ്ഥാനത്ത് 95 ശതമാനം റോഡപകട മരണങ്ങളും ഒഴിവാക്കാനാകുമെന്ന് ഗതാഗത കമീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. വിദ്യാനഗര്‍ എ.ആര്‍ കോണ്‍ഫറന്‍സ് ഹാളില്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ട്രാഫിക് ബോധവത്കരണ പരിശീലന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹെല്‍മെറ്റ് സ്ട്രാപ്പ് നിര്‍ബന്ധമായും ഉപയോഗിക്കണം. ഹെല്‍മെറ്റിനു പകരം പ്ളാസ്റ്റിക് തൊപ്പികളും മറ്റും ധരിച്ച് യാത്ര ചെയ്യുന്നവര്‍ക്കെതിരെ ഹെല്‍മറ്റ് ഇല്ലാത്തവര്‍ക്കുള്ള പിഴ തന്നെ ഈടാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചതിന് പിടികൂടിയാല്‍ വാഹനത്തിന്‍െറ ആര്‍.സി ബുക് ഉടമക്കും കുട്ടിയുടെ മാതാപിതാക്കള്‍ക്കും ബോധവത്കരണ ക്ളാസ് നല്‍കും. ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് റോഡപകടങ്ങള്‍ വര്‍ധിക്കാനിടയാക്കുന്നത്. ഗതാഗത വകുപ്പിന്‍െറയും പൊലീസിന്‍െറയും നടപടികളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സംസ്ഥാനത്ത് 150 റോഡപകട മരണങ്ങള്‍ കുറക്കാന്‍ സാധിച്ചിട്ടുണ്ട്. ശബരിമല സീസണില്‍ ഒരു അയ്യപ്പ ഭക്തന്‍പോലും റോഡപകടത്തില്‍ മരിക്കാതിരുന്നതും ഈ നടപടികളുടെ നേട്ടമാണ്. കുറഞ്ഞ വിസ്തൃതി പരിഗണിച്ചാല്‍ ലോകത്ത് ഏറ്റവും റോഡപകടങ്ങളുണ്ടാകുന്ന പ്രദേശമാണ് കേരളമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റോഡുകളുടെ നിര്‍മാണത്തിലെ അപാകത മൂലം അപകടങ്ങള്‍ ഉണ്ടാകുന്നത് തടയണം. ഇതിനായി പൊതുമരാമത്ത് വകുപ്പുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ദേശീയപാതയില്‍ മഞ്ചേശ്വരം മുതല്‍ എറണാകുളം വരെ കാമറകള്‍ സ്ഥാപിച്ചു. നിയമലംഘകരെ പിടികൂടാന്‍ ഇനി എളുപ്പം സാധിക്കും. കാസര്‍കോട് പൊലീസ് നടപ്പാക്കിയ ഷാഡോ പൊലീസിങ് വിജയകരമാണ്. ഇത് മറ്റ് ജില്ലകളില്‍കൂടി വ്യാപിപ്പിക്കാന്‍ ജില്ലാ പൊലീസ് മോധാവികള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ഗതാഗത കമീഷണര്‍ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് അധ്യക്ഷത വഹിച്ചു. ആര്‍.ടി.ഒ പ്രകാശ് ബാബു സ്വാഗതവും എ.ആര്‍ ക്യാമ്പ് ഇന്‍സ്പെക്ടറുടെ ചുമതല വഹിക്കുന്ന സി.കെ. വിശ്വനാഥന്‍ നന്ദിയും പറഞ്ഞു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ജെ. തങ്കച്ചന്‍ ക്ളാസെടുത്തു. റോഡ് സുരക്ഷാ സന്ദേശകാവ്യം അവതരിപ്പിച്ചു. ഡിവൈ.എസ്.പിമാരായ പി. തമ്പാന്‍, രഘുറാം തുടങ്ങിയവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.