വേനല്‍ കനക്കുന്നു; ആശങ്കയോടെ ജനം

പെരിന്തല്‍മണ്ണ: വേനല്‍ കനത്തതോടെ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. ഭൂഗര്‍ഭജലനിരപ്പ് കുറയുന്ന പ്രദേശങ്ങളില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം പെരിന്തല്‍മണ്ണ പ്രദേശമാണെന്ന് ഭൂഗര്‍ഭജല വകുപ്പ് കണ്ടെത്തിയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 2.17 മീറ്ററോളമാണ് നഗരസഭയിലെയും പരിസര പഞ്ചായത്തുകളിലെയും ജല നിരപ്പ് കുറഞ്ഞത്. ഇത് ശരിവെക്കുന്നതാണ് പെരിന്തല്‍മണ്ണ മേഖലയിലെ ഇത്തവണത്തെ വരള്‍ച്ചയുടെ തോത്. മേയ് ആകും മുമ്പേ കിണറുകള്‍ പലതും വറ്റി. ജല അതോറിറ്റിയുടെ പമ്പിങ് കൃത്യമായി നടക്കാത്തതിനാല്‍ പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം, ഏലംകുളം ഭാഗങ്ങളില്‍ ഒട്ടേറെ കുടുംബങ്ങള്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. പരിസ്ഥിതിക്ക് സംഭവിച്ച ഗുരുതര ആഘാതങ്ങളാണ് പെരിന്തല്‍മണ്ണയില്‍ ഭൂജലവിതാനം കുത്തനെ കുറയാനിടയാക്കിയതെന്നാണ് ഭൂജലവകുപ്പിന്‍െറ കണ്ടെത്തല്‍. പാടം നികത്തലും മണല്‍, പാറ ഖനനവും കൂടുതലായി നടക്കുന്ന പ്രദേശം കൂടിയാണ് പെരിന്തല്‍മണ്ണ. നഗരത്തില്‍ മാത്രം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കെട്ടിടങ്ങള്‍ നിര്‍മിക്കാനായി ഏക്കര്‍ കണക്കിന് വയല്‍ നികത്തി. ഇവക്ക് ചുറ്റും ഒഴുകിയിരുന്ന തോടുകള്‍ മഴക്കാലത്ത് മാത്രം ഒഴുകുന്നവയായി. അല്ലാത്തവ നഗരത്തിന്‍െറ മാലിന്യം പേറി ഇടിഞ്ഞ് തൂര്‍ന്നും ഇല്ലാതാവുകയാണ്. പരമ്പരാഗത ജല സ്രോതസ്സുകളുടെ സംരക്ഷണത്തിന് വര്‍ഷാവര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ടെങ്കിലും ഒന്നും നടപ്പാകുന്നില്ല. വേനല്‍ കടുത്തതോടെ കുഴല്‍ കിണര്‍ കുഴിക്കാന്‍ അനുമതിക്കായി നിരവധി അപേക്ഷകള്‍ പെരിന്തല്‍മണ്ണ പ്രദേശത്ത്നിന്ന് ഭൂജലവകുപ്പിന് ലഭിച്ചിട്ടുണ്ട്. കുന്തിപ്പുഴയിലെ കട്ടുപ്പാറ തടയണ നല്‍കുന്ന വെള്ളം മാത്രമാണ് നഗരവാസികളുടെ ഇപ്പോഴത്തെ ആശ്രയം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.