പള്ളിമലക്കുന്നില്‍ തുള്ളിപോലും വെള്ളമില്ല

കോഴിക്കോട്: നഗരത്തോട് ഏറ്റവും അടുത്തുകിടക്കുന്ന മലയായ പള്ളിമലക്കുന്നില്‍ ജലക്ഷാമം രൂക്ഷം. നഗരസഭ ആഭിമുഖ്യത്തില്‍ തുടങ്ങിയ ജനകീയ കുടിവെള്ള പദ്ധതിയില്‍ തൃക്കോവില്‍ ക്ഷേത്രത്തിനു സമീപത്തെ കിണര്‍ വറ്റിയതോടെ വെള്ളം കുറഞ്ഞതാണ് മുഖ്യപ്രശ്നം. കോര്‍പറേഷന്‍ വണ്ടിയിലെത്തിക്കുന്ന വെള്ളവും 600ഓളം വരുന്ന പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ഓരോഗ്ളാസ് വീതം കുടിക്കാന്‍ പോലുമില്ലാത്ത സ്ഥിതിയാണ്. രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സി.പി.എം കോട്ടൂളി വെസ്റ്റ് ബ്രാഞ്ച് ആഭിമുഖ്യത്തില്‍ വെള്ളം വിതരണം തുടങ്ങിയിട്ടുണ്ടെങ്കിലും പ്രശ്നത്തിന്‍െറ കാഠിന്യം തുടരുന്നു. സരോവരം പാര്‍ക്കിനോടും കനോലി കനാലിലെ നീര്‍ത്തടങ്ങളോടും തൊട്ടുകിടക്കുന്ന കുന്നില്‍ നാട്ടുകാര്‍ക്ക് ജലക്ഷാമം കാരണം കുളിക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണ്. രോഗികളായി കിടക്കുന്നവര്‍ക്ക് തൊട്ടുനനക്കാന്‍ സന്നദ്ധസേവകര്‍ ഇടപെട്ട് പ്രത്യേകം വെള്ളം എത്തിക്കുകയാണ്. അലക്കിയ വെള്ളമാണ് ടോയ്ലറ്റുകളില്‍ ഉപയോഗിക്കുന്നത്. ജനകീയ കുടിവെള്ള പദ്ധതിക്ക് എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് ഒരു കിണര്‍കൂടി കുഴിക്കാന്‍ പണം അനുവദിച്ചെങ്കിലും പദ്ധതി പൂര്‍ത്തിയായിട്ടില്ല. നഗരത്തിലെ ജലദൗര്‍ലഭ്യത്തിന് പരിഹാരമായി ജപ്പാന്‍ കുടിവെള്ള പദ്ധതിയാണ് ഉയര്‍ത്തിക്കാട്ടുന്നതെങ്കിലും പള്ളിമലക്കുന്നിലേക്ക് കണക്ഷന്‍ ഇതുവരെ സ്ഥാപിച്ചിട്ടില്ല. രണ്ടാംഘട്ടമായേ ഇവിടേക്ക് കണക്ഷന്‍ സ്ഥാപിക്കൂ എന്നാണ് ജല അതോറിറ്റി നിലപാട്. കുടിവെള്ളം കിട്ടാതെ നാട്ടുകാര്‍ പൊറുതിമുട്ടി അടിക്കടി പ്രക്ഷോഭം നടത്തുന്നതിലുള്ള പ്രതികാരമാണ് ജല അതോറിറ്റിക്ക് എന്നാണ് നാട്ടുകാരുടെ പരാതി. ജല അതോറിറ്റി ഓഫിസിലേക്ക് വീണ്ടും മാര്‍ച്ച് നടത്താനുള്ള ഒരുക്കത്തിലാണ് നിസ്സഹായരായ നാട്ടുകാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.