ജലസ്രോതസ്സുകളെ സംരക്ഷിക്കാന്‍ ‘ശുദ്ധം സുന്ദരം’ പദ്ധതി

കോഴിക്കോട്: ജില്ലയില്‍ വരള്‍ച്ച തടയാനും ശുദ്ധജല ലഭ്യത ഉറപ്പുവരുത്താനുമായി ‘ശുദ്ധം സുന്ദരം നമ്മുടെ കോഴിക്കോട്’ പദ്ധതി നടപ്പാക്കുമെന്ന് കലക്ടര്‍ സി.എ. ലത. ജില്ലാ ഭരണകൂടത്തിന്‍െറ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും പുറമെ കുടിവെള്ളത്തിന്‍െറ ഗുണനിലവാരം ഉറപ്പാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ‘കുടിവെള്ളം അമൂല്യമാണ്, ആവശ്യത്തിന് മാത്രം ഉപയോഗിക്കുക’ എന്നതാണ് സംരംഭത്തിന്‍െറ സന്ദേശമെന്ന് കലക്ടര്‍ പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടെയുള്ള സമഗ്ര കുടിവെള്ള സംരക്ഷണ-പരിപാലന-ഗുണവര്‍ധന പദ്ധതിയാണ് നടപ്പാക്കുക. കേന്ദ്ര ജലവിഭവ വികസന കേന്ദ്രം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വിദ്യാഭ്യാസ വകുപ്പ്, ഗ്രാമവികസന വകുപ്പ്, വാട്ടര്‍ അതോറിറ്റി, ഭൂഗര്‍ഭ ജല വകുപ്പ്, സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ പരിശോധനാ ലാബുകള്‍ എന്നിവയുടെ സഹകരണം ഇതിന് ലഭ്യമാക്കും. സാമൂഹിക-സാംസ്കാരിക സന്നദ്ധ സംഘടനകള്‍ക്ക് ഈ സംരംഭത്തില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറുകളിലെയും കുളങ്ങളിലെയും വെള്ളം വാട്ടര്‍ അതോറിറ്റി, ഭൂഗര്‍ഭ ജല വകുപ്പ്, സി.ഡബ്ള്യു.ആര്‍.ഡി.എം എന്നിവയുടെ സഹകരണത്തോടെ പരിശോധന നടത്തും. പൊതുസ്ഥലങ്ങളിലും സ്കൂളുകളിലും മറ്റും കേടായതും ജലം പാഴാകുന്നതുമായ ടാപ്പുകളും ടാങ്കുകളും മാറ്റിസ്ഥാപിക്കും. ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. വരള്‍ച്ചയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് ഇതിനകം അപേക്ഷ ലഭിച്ചവക്ക് ഭരണാനുമതി നല്‍കിയതായും കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ജലവിതരണം നടത്താന്‍ നിര്‍ദേശം നല്‍കിയതായും കലക്ടര്‍ സൂചിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.